തൃശ്ശൂർ: (truevisionnews.com) ഒരു കൂട്ടം പ്രവാസികൾ ചാവക്കാട് നാലേക്കറിൽ തുടങ്ങിയ ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വേറിയം കേരളത്തിന് അഭിമാനമാവുന്നു. ചാവക്കാടിനടുത്ത് പഞ്ചവടി കടൽത്തീരത്താണ് 'മറൈൻ വേൾഡ്’ സ്ഥിതി ചെയ്യുന്നത്. യുകെയിൽ നിന്നു 42 പ്രവാസികളാണ് ‘മറൈൻ വേൾഡി’ന് തുടക്കം കുറിച്ചത്. പ്രായഭേദമില്ലാതെ ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഇടമാണിത്. ജനുവരി 2021ൽ തുറന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള മറൈൻ വേൾഡ് അക്വേറിയത്തിന്റെ പണി 2007ലാണ് തുടങ്ങിയത്.
ദുബായിലും സിങ്കപ്പൂരിലുമടക്കമുള്ള മറൈൻ അക്വേറിയങ്ങളെ വെല്ലുന്ന രീതിയിലാണ് മറൈൻ വേൾഡിന്റെ നിർമ്മാണം. വ്യത്യസ്തമായ അലങ്കാരപ്പണികളോടുകൂടി 120ലേറെ അക്വേറിയങ്ങളാണ് ഇവിടെയൊരുക്കിയിട്ടുള്ളത്. പ്രവേശന കവാടത്തിൽ ഫ്രീ ഫിഷ് സ്പാ ഒരുക്കിയിട്ടുണ്ട്. ശുദ്ധജലത്തിൽ വളരുന്നതും, കടലിൽ വളരുന്നതുമായ എല്ലാത്തരം മീനുകളെയും കാണാനാകും. 3D രീതിയിൽ മത്സ്യങ്ങളെ കാണാൻ സാധിക്കുമെന്നതാണ് അക്വേറിയത്തിലെ മറ്റൊരു സവിശേഷത.
ശുദ്ധജലത്തിൽ വളരുന്ന ഗപ്പി മുതൽ അരപൈമ വരെയുള്ള മീനുകൾ ഇവിടെയുണ്ട്. ഇവിടെ നിർമിച്ചിരിക്കുന്ന മഴക്കാട് മറ്റൊരു പ്രത്യേകതയാണ്. അൽപനേരം വിശ്രമിക്കുന്നതിനായി റെസ്റ്റോറൻറുകളും കോഫി ഷോപ്പുകളും ഇതിനുള്ളിൽ തന്നെയുണ്ട്. ഇവിടുത്തെ 16 D സിനിമയും വേറിട്ട അനുഭവമാണ്. കടലിന്റെ അടിത്തട്ടിൽപോയി കാഴ്ചകൾ കാണുന്ന അനുഭവം എല്ലാവരെയും ആകര്ഷിപ്പിക്കുന്നതാണ്.
മത്സ്യങ്ങളെ പോലെ പക്ഷികൾക്കും ഭക്ഷണം നല്കാൻ ഇവിടെ വരുന്നവർക്ക് അവസരം ഉണ്ട്. 100 കോടി രൂപയോളം ചെലവഴിച്ചാണ് ഈ അദ്ഭുത ലോകം തീർത്തിരിയ്ക്കുന്നത്. കൃത്രിമമായി സൃഷ്ടിച്ചെടുത്ത വനാന്തരീക്ഷവും കാട്ടരുവികളും കോടമഞ്ഞുമെല്ലാം സഞ്ചാരികളുടെ മനം കവരും. സ്ക്യൂബ ഡൈവിങ്, ടണൽ അക്വേറിയം, ഫിഷ് സ്പാ, റെയിൻ ഫോറസ്റ്റ്, കുട്ടികൾക്കായി പാർക്കുകൾ എന്നിവയെല്ലാം മറൈൻ വേൾഡിൽ ഒരുക്കിയിട്ടുണ്ട്.
ഒരിയ്ക്കലും മറക്കാനാകാത്ത, ദൃശ്യമനോഹരതയേറിയ വ്യത്യസ്തമായ കാഴ്ചയാണിവിടെ സമ്മാനിക്കുന്നത്. നൗഷർ മുഹമ്മദാണ് മാനേജിങ് ഡയറക്ടർ. ഫൈസൽ സ്ഥാപകനും സിഇഒയുമാണ്. 250 രൂപയാണ് മൂന്ന് വയസ് മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്ക്. മുതിര്‍ന്നവര്‍ക്ക് 350 രൂപ, പ്രായം കൂടിയവര്‍ ഒപ്പമുണ്ടെങ്കിൽ അവര്‍ക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഒരു വട്ടമെങ്കിലും കണ്ടിരിക്കേണ്ടതാണ് ഇവിടം.
#Kerala #India's #largest #publicaquarium