കോഴിക്കോട് : (www.truevisionnews.com) അമ്മിഞ്ഞപ്പാലിന്റെ സ്നേഹത്തിനും അച്ഛന്റെ മടിതട്ടിലെ കരുതലിനും പകരം കിട്ടാത്തവർ ഏറുന്ന കാലത്ത്... പ്രായം അറുപത് കഴിഞ്ഞവർ അടങ്ങി ഒതുങ്ങി വീട്ടിലിരിക്കണമെന്ന മനോഭാവമുള്ളവർ കോഴിക്കോട് ജില്ലയിലെ നാദാപുരം വളയത്തേക്ക് ഒന്നു വരണം.

ഇവിടെ മലയോര ഗ്രാമമായ മഞ്ചാന്തറയിൽ കഥകളും കാര്യങ്ങളും കുറേ നാട്ടുവർത്തമാനങ്ങളുമായി പ്രായം മറന്ന് കൊണ്ട് ചുറു ചുറുക്കോടെ പഴയ പ്രതാപം വീണ്ടെടുക്കാൻ പതിവ് തെറ്റാതെ എന്നും ഒത്തുകൂടുന്ന ചിലരുണ്ട്. അവരുടെ കഥ ഇങ്ങനെ ...
ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടു പോകാവുന്ന വയോജനങ്ങൾക്ക് ഒരു കൈതാങ്ങ് ആകുകയാണ് വളയം ഗ്രാമ പഞ്ചായത്തിന്റെ സംരംഭം. വളയം പഞ്ചായത്തിലെ മഞ്ചാന്തറ എന്ന പ്രദേശത്താണ് സായം പ്രഭ എന്ന പേരിൽ വയോജനങ്ങൾക്കായുള്ള വിശ്രമ കേന്ദ്രം പ്രവർത്തിക്കുന്നത്.
2005 ൽ നിർമാണം പൂർത്തിയായ കെട്ടിടത്തിൽ ആണ് നിലവിലുള്ള വിശ്രമ കേന്ദ്രം . 2019 ൽ ആണ് ഈ കെട്ടിടത്തിൽ വയോജന വിശ്രമ കേന്ദ്രം പ്രവർത്തിച്ചു തുടങ്ങിയത്. ഏകദേശം 25 ഓളം വയോജനങ്ങളാണിവിടെ ദിനം പ്രതി എത്തി ചേരുന്നത്.
രാവിലെ 10 മണി മുതൽ 3 മണി വരെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മഞ്ചാന്തറയിൽ ഉള്ളത്. ഇവിടുത്തെ മുഴുവൻ ചെലവുകളും വഹിക്കുന്നത് ഗ്രാമ പഞ്ചായത്താണ്. ഇവിടെ എത്തുന്നവർക്ക് ഭക്ഷണമുൾപ്പെടെ തയ്യാറാക്കി നൽകുന്നുണ്ട്.
പഞ്ചായത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മഞ്ചാന്തറയിലുള്ള സായം പ്രഭ. വയോജനങ്ങളുടെ മനസികോത്സാഹത്തിന് വേണ്ടിയും അവരുടെ സംരക്ഷണത്തിനു വേണ്ടിയുമാണ് ഇത് പ്രവർത്തിക്കുന്നത്.
ഇടക്കാലത്തു മുടങ്ങി പോയ ഭക്ഷണ വിതരണത്തിന് പരിഹാരം കണ്ടിട്ടുണ്ടെന്നും പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇത്തരം സംരംഭങ്ങൾ തുടങ്ങുവാനുള്ള ആലോചന ഉണ്ടെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് പറഞ്ഞു.
ഒരു പ്രായമെത്തിയാൽ വീടിന്റെ അകത്തളങ്ങളിൽ അകപ്പെട്ടു പോകുന്ന ഒത്തിരി പേർ നമുക്ക് ചുറ്റും ഉണ്ട്. തങ്ങളുടെ വിഷമങ്ങളോ സന്തോഷങ്ങളോ പങ്ക് വെക്കാനാവാതെ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നവർ. എന്നാൽ അത്തരം സ്ഥിതി വിശേഷങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്ന കേന്ദ്രമായിട്ടാണ് ഇത് പ്രവർത്തിക്കുന്നതെന്ന് വാർഡ് മെമ്പർ ദേവി. എം പറഞ്ഞു.
60വയസ്സ് കഴിഞ്ഞിട്ടുള്ളവർക്ക് വേണ്ടി അവർക്ക് ഒരുമിച്ച് വന്നിരിക്കാൻ ഉള്ള ഒരിടം എന്ന നിലയിൽ ആണ് സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.
വയോജനങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കാനും അവരിൽ കുറെ പേരെ സാക്ഷരരാക്കാനും ഈ പദ്ധതി വഴി സാധിച്ചിട്ടുണ്ട്. ഇവിടെ എത്തുന്ന വയോജനങ്ങൾ അത്രക്കും ഉത്സാഹത്തോടെയാണ് അവരുടെ ഈ ഇടത്തെ കാണുന്നത്.
ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം മകനോ മകളോ ജോലിക്ക് പോകുന്നവരോ, പേരക്കുട്ടികൾ വിദ്യാലയങ്ങളിൽ പോകുന്നവരോ ആയിരിക്കും. അത്തരം സാഹചര്യങ്ങളിൽ ഒറ്റപെട്ടു പോകുന്ന ഒരു വിഭാഗം തന്നെയാണ് വയോജനങ്ങളെന്ന് മുൻ ഗ്രാമ പഞ്ചായത്ത് അംഗവും വയോജന കേന്ദ്രം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ എൻ.പി കണ്ണൻ മാസ്റ്റർ പറഞ്ഞു.
ഒരു സ്വപ്ന പദ്ധതി എന്നോളം ഏറ്റെടുത്ത പദ്ധതി ആയിരുന്നു ഇതെന്ന് കണ്ണൻ മാസ്റ്റർ ഇപ്പോഴും ഓർമിക്കുന്നു. പൊതു പ്രവർത്തന രംഗത്ത് സജീവമാകാൻ തുടങ്ങിയ കാലത്ത് ഒരുപാട് പേരുമായി ഇടപഴകിയിട്ടുണ്ട്.
അങ്ങനെ ഒരു സാഹചര്യത്തിലാണ് വീടുകളിൽ ഒതുങ്ങി കഴിയേണ്ടി വന്ന ഒരു കൂട്ടം വയോജനങ്ങളെ കണ്ടത്. അങ്ങനെയിരിക്കെ ആണ് വയോജനങ്ങൾക്ക് വന്നിരിക്കാൻ ഉള്ള ഒരിടം നിർമിക്കണമെന്ന ആശയം മനസ്സിൽ തെളിഞ്ഞത്.
ഈ ആവശ്യവുമായി വന്നപ്പോൾ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ബാബു പറശേരി അന്ന് സ്വീകരിച്ച അനുകൂല സമീപനമാണ് ഇന്ന് കാണുന്ന തരത്തിൽ സ്വയം പ്രഭയെ വളർത്തി കൊണ്ട് വരാൻ സാധിച്ചത്.
നാടൻ പാട്ടുകളും കഥ പറച്ചിലും ചിത്രം വരയുമൊക്കെയായി മികച്ചൊരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. അക്കാലത്തൊക്കെ ഇവിടെ സന്ദർശിക്കാൻ ഒരുപാട് പേര് വരുമായിരുന്നു. ബേക്കറി പലഹാരങ്ങളും പായസവുമൊക്കെ നൽകി കൊണ്ട് ഒരു തരത്തിലുള്ള സ്നേഹം പങ്കുവെക്കപ്പെടലിന്റെ ഇടം ആയിരുന്നു ഇതെന്ന് കണ്ണൻ മാസ്റ്റർ പറയുന്നു.
ഒത്തിരി കഴിവുകളുള്ള ആളുകൾ ഈ വയോജനങ്ങളുടെ കൂട്ടത്തിൽ ഉണ്ട്. അവരുടെ കഴിവുകൾക്ക് പരിഗണനയും കൈതാങ്ങും നൽകാൻ പഞ്ചായത്തും സാമൂഹ്യ ക്ഷേമ വകുപ്പും വഹിക്കുന്ന പങ്ക് ചെറുതൊന്നും അല്ല.
കലാ കായിക പരിപാടികളുൾപ്പെടെ നടപ്പിലാക്കി കൊണ്ട് ഇത്തരം കേന്ദ്രങ്ങളിൽ എത്തി ചേരാനും പ്രവർത്തനങ്ങളിൽ പങ്ക് ചേരാനും ഇവർ കാണിക്കുന്ന താല്പര്യം തന്നെയാണ് ഈ സ്ഥാപനത്തെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതെന്ന് ഇവിടുത്തെ കെയർ ഗിവർ ഷൈനി കെ. പി പറഞ്ഞു.
സ്വന്തം അച്ഛനെയും അമ്മയെയും പോലെ ഒരുപാട് അച്ഛനമ്മമാരുടെ കൂടെ നിന്ന് കൊണ്ട് സായംപ്രഭയെ പ്രകാശിതമാക്കുകയാണ് ഷൈനി.
2019 മാർച്ച് 22മുതൽ ജോലിയിൽ പ്രവേശിച്ച ഷൈനിക്ക് പറയാൻ ഉള്ളത് സ്നേഹത്തിന്റെയും കരുതലിന്റെയും കഥകൾ മാത്രം. ഒരുപാട് കഴിവുകളുള്ള വയോജനങ്ങളുടെ കൂടെ ആടിയും പാടിയും അവരുടെ വിശേഷങ്ങൾക്ക് കൈ ചേർത്ത് ഒപ്പം നിന്ന് ഒപ്പത്തിനൊപ്പം പ്രവർത്തിക്കുകയാണ് ഷൈനി.
സായം പ്രഭയെ പറ്റി ചോദിച്ചാൽ ആദ്യം ഓർമയിലെത്തിയത് എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടന്ന കലാ മേളയാണ്. തിരുവാതിരയും ഒപ്പനയും നാടൻ പാട്ടുകളും പഠിച്ചെടുത്ത് മികച്ച പ്രകടനം കാഴ്ച വെക്കാൻ ഇവിടുത്തെ വയോജനങ്ങൾക്ക് സാധിച്ചു. ഇതിൽ ഒരു പരീശീലക എന്ന റോളിലും അഭിമാനം കൊള്ളുന്നുവെന്ന് ഷൈനി അഭിപ്രായപ്പെട്ടു.
പ്രധാന ദിവസങ്ങളിൽ ആഘോഷ പരിപാടികൾ നടത്താറുണ്ട്. കൂടാതെ കാരംസ് പോലുള്ള ഗെയിം കളിക്കാൻ ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇവർക്കായി ഒരു പാർക്കും ഒരുക്കിയിട്ടുണ്ട്.
ടൗണുകളിൽ കാണുന്ന ഇരിപ്പിടങ്ങൾക്ക് സമാനമായ സൗകര്യങ്ങൾ ഇവിടെയും ഉണ്ട്. തണലേകുന്നതിനായി വൃക്ഷലതാദികൾ വച്ചു പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇനി ഒരു പൂന്തോട്ട നിർമ്മാണത്തിനുള്ള തയ്യാറെടുപ്പിലുമാണ് പഞ്ചായത്ത് ഭരണ സമിതി.
ഇവിടെ എത്തുന്നവർക്കായി സാക്ഷരത ക്ലാസുകൾ ഉൾപ്പെടെ നടത്തിയിട്ടുണ്ട്. നിരവധി ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. സായം പ്രഭയിൽ ഒന്നിച്ചു കൂടി ഇരിക്കുന്നതിന്റെ സന്തോഷവും ആഹ്ലാദവും അവിടുത്തെ അമ്മമാരുടെ വാക്കുകളിൽ നിറയുന്നുണ്ടായിരുന്നു.
രാവിലത്തെ പ്രാർത്ഥന യിൽ തുടങ്ങി യോഗയും കാരംസും ചെസ്സും ചിത്ര രചനയുമൊക്കെ ആയി ഓരോ ദിനവും മനോഹരമാക്കുന്നതിന്റെ കഥകൾ ഇവർക്ക് ഒരുപാട് പറയാനുണ്ടായിരുന്നു.
ചീരു, ലീല, ദേവി, മൈഥിലി, മാതു തുടങ്ങിയ അമ്മമാർക്കെല്ലാം പ്രായം മറന്നു കൊണ്ട് ഒത്തൊരുമിച്ചു ഇരിക്കുന്നതിന്റെയും കഥകളും പാട്ടുകളും ചിത്രരചനയുമൊക്കെയായി സന്തോഷത്തോടെ കഴിയുന്നതിന്റെ സുവർണ്ണ കാലത്തെ കുറിച്ചു പറയുമ്പോൾ വാക്കുകളിൽ ആഹ്ലാദം തിര തല്ലുന്നുണ്ടായിരുന്നു.
"ഇവരെല്ലാം പരിപാടിക്ക് പോകാലുണ്ടപ്പാ.. എനിക്ക് ശ്വാസംമുട്ടലാന്ന്.. അതോണ്ട് ഡാൻസ് കളിക്കാൻ കയ്യില.." ഞാൻ ചിത്രെല്ലാം വരക്കുമെന്നാണ് മൈഥിലി അമ്മ പറഞ്ഞത്.
യോഗ ചെയ്യുന്നോണ്ട് അസുഖം വരലൊക്കെ കുറവാണെന്ന് മാതു അമ്മ പറഞ്ഞു വെച്ചു.
അല്ലെങ്കിലും ഒരേ പ്രായത്തിലുള്ളവർ ഒത്തു കൂടുമ്പോൾ ഒരു പ്രത്യേക വൈബ് തന്നെ ആണല്ലോ....! നാടുകൾ തോറും വൃദ്ധസദനങ്ങൾ പെരുകുന്ന ഈ കാല ഘട്ടത്തിൽ വേറിട്ടൊരു സംരംഭവുമായിട്ടാണ് വളയം പഞ്ചായത്ത് മുന്നോട്ട് വന്നിരിക്കുന്നത്.
വയോജനങ്ങളുടെ സംരക്ഷണത്തിനും മാനസികോത്സാഹത്തിനുമായി ആരംഭിച്ച ഈ പദ്ധതിക്ക് കൂടുതൽ ഊന്നൽ നൽകി കൊണ്ട് മുന്നോട്ട് പോകുന്നത് മറ്റു പഞ്ചായത്തുകൾക്കും കൂടി മാതൃക ആക്കാൻ സാധിക്കുന്ന ഒരു പ്രവർത്തനമാണിത്.
സായംപ്രഭയിലെ കൂടുതൽ ചിത്രങ്ങൾ കാണാം

Article by Priya Prakasan
SUB EDITOR TRAINEE TRUEVISIONNEWS.COM, BA History (Payyannur college, Kannur) MA Journalisam and Mass Communication (S. E. S College Sreekandapurm)
#sayamprabha #SayamPrabha #retirementcenter #elderly #Manchantara #ValayamPanchayath
