കണ്ണൂർ: പ്ലാസ്റ്റിക് കുപ്പികളും കവറുകളും റോഡരികുകളിൽ ഒരു മിഠായി പൊതി പോലും ഇല്ലാത്ത ഇടം . മാലിന്യങ്ങൾ ഒഴുകാത്ത നീർച്ചാലുകൾ. ഇങ്ങനെ ഒരു നാടിനെ കുറിച്ച് സങ്കൽപ്പിക്കാൻ ആകുമോ ? എന്നാൽ ആ സങ്കല്പം യാഥാർത്ഥ്യമാക്കുകയാണ് കല്യാശ്ശേരിക്കാർ.

കോലോത്ത് വയലും കണ്ടൻഞ്ചിറ തോടും മൗവടി വയൽപക്ഷി നിരീക്ഷണ കേന്ദ്രവും, കൈപ്പാട് നിലങ്ങളും ഒക്കെ ഇവിടുത്തെ ഗ്രാമഭംഗി വിളിച്ചോതുന്നവയാണ്. അതിനൊപ്പം ശുചിത്വമുള്ള മണ്ണും ജലവും ഇവുടുത്തെ മാറ്റ് കൂട്ടുന്നു. കല്യാശ്ശേരിയിലെ സ്കൂൾ പരിസരങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഒരു മിഠായി പൊതി പോലും നമുക്ക് കാണാൻ ആവില്ല.
ഇവിടെ ഒരിടത്തും മൂക്ക് പൊത്തിപ്പിടിച്ച് നടക്കേണ്ട അവസ്ഥയുമില്ല. അവിടെയെല്ലാം സുഗന്ധമുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ട്. തെളിനീർ ഒഴുകുന്ന തോടുകളിൽ മീനുകൾ നീന്തി തുടിക്കുന്നു. വയലുകളിൽ തവളകളും നെൽക്കതിരുകൾക്കിടയിലൂടെ വിഹരിക്കുന്നു.
എന്ത് ഭംഗിയുള്ള കാഴ്ചകളാണ്. കണ്ണിനും മനസിനും ഒരുപോലെ കുളിർമയേകുന്ന ഈ കാഴ്ച്ചകൾ ഒരുക്കുന്നത് യുവ എംഎൽഎ എം വിജിന്റെ നേതൃത്വത്തിൽ ഉള്ള " നിർമ്മലം കല്യാശ്ശേരി " ക്യാമ്പയിൻ ആണ്. 2023 മെയ് 6 ന് ആരംഭിച്ച "നിർമ്മലം കല്യാശ്ശേരി" ക്യാമ്പയിൻ ഈ വരുന്ന ഡിസംബർ 31ന് പൂർത്തീകരിക്കാനാണ് ഇവർ ഒരുങ്ങുന്നത്.
ഇതിനായി വീടുകളിൽ കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകൾ സൂക്ഷിച്ചു വെക്കുന്നു. ഹരിത കർമ്മ സേന അംഗങ്ങൾ അത് കൊണ്ടുപോയി നിർമാർജനം ചെയ്യാൻ ഏൽപ്പിക്കുന്നു. കല്യാശ്ശേരിയിലെ ചെറുതും വലുതുമായ എല്ലാ ചടങ്ങുകളിലും പൊതുപരിപാടികളിലും പരമാവധി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നു.
ആരും ഒന്നും പുറത്തേക്ക് വലിച്ചെറിയുന്നില്ല. സ്കൂളുകളും കോളേജുകളും വിദ്യാർത്ഥികൾ തന്നെ വൃത്തിയാക്കി. കുടുംബശ്രീ യും അന്നത്തെ സംഘടനകളും പൊതുജനങ്ങളും റോഡുകളും കുളങ്ങളും തോടുകളും പറമ്പുകളും വൃത്തിയാക്കി. ആ സ്വപ്നം നെഞ്ചേറ്റി ഓരോത്തുകൾക്കും വേണ്ട നിർദ്ദേശങ്ങൾ എംഎൽഎ നൽകിയിരുന്നു.
ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ശക്തമാക്കാൻ അവർക്കായി ഒരു പ്രവർത്തന കലണ്ടർ ഒരുക്കിയിട്ടുണ്ട്. അതുപോലെ തന്നെ സ്ഥാപനങ്ങൾക്കും പ്രവർത്തന കലണ്ടറുകൾ ഉണ്ട്. എല്ലാ പഞ്ചായത്തുകളും ശുചിത്വ ഹർത്താൽ നടത്തി അന്നേ ദിവസം ശുചീകരണ പ്രവർത്തനങ്ങൾ ചെയ്തു.
യുവത്വത്തിന്റെ ഊർജ്ജം കൂട്ടുവാനും അവർ ശുചിത്വ പ്രവർത്തികൾക്ക് ഇറങ്ങി വരാനുള്ള പ്രേരണയെന്നോണം ശുചിത്വം കൈവരിച്ച പഞ്ചായത്തുകൾക്കും ഗ്രീൻ പ്രോട്ടോകോൾ ഉപയോഗിച്ച് ഓണാഘോഷം നടത്തുന്ന ക്ലബ്ബുകൾ, സാംസ്കാരിക സംഘടനകൾ, വായനശാലകൾ എന്നിവർക്ക് " നിർമ്മലം കല്യാശ്ശേരി അവാർഡുകൾ നൽകാനും എംഎൽഎയും ക്യാമ്പയിന്റെ ഭാഗമായി തീരുമാനിച്ചു.
ഇത്തരത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്കൊടുവിൽ കടന്നപ്പള്ളി പാടപ്പുഴ പഞ്ചായത്ത് കേരളത്തിൽ തന്നെ ആദ്യമായി 100% ശുചിത്വം കൈവരിച്ച് കഴിഞ്ഞു. എല്ലാ വാർഡുകളിലെയും കുടുംബശ്രീ പ്രവർത്തകരെയും ക്ലബ്ബ് വായനശാല പ്രവർത്തകരെയും കൂട്ടിചേർത്ത് യോഗം നടത്തി.
വലിച്ചെറിയൽ മുക്തമാക്കാൻ അവർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ആശാ പ്രവർത്തകർ അംഗനവാടി വർക്കേഴ്സ് കുടുംബശ്രീ ക്ലബ്ബുകൾ എല്ലാവരും ചേർന്ന് വൃത്തികേടായി കിടക്കുന്ന സ്ഥലങ്ങളെല്ലാം വൃത്തിയാക്കി. മാലിന്യങ്ങൾ ക്ലീൻ കേരളക്ക് കൈമാറി . ഓരോ വീടുകളിലും സ്ഥാപനങ്ങളിലും ക്യു ആർ കോഡുകൾ പതിച്ചു.
അതിലൂടെ സ്കാൻ ചെയ്തിട്ടാണ് വാതിൽപടി ശേഖരണം പ്രവർത്തനങ്ങൾ നടത്തിയത്. ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ അടയ്ക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ള വീടുകളുടെ യൂസർ പി പഞ്ചായത്ത് ഫണ്ടിൽ നിന്നും എടുത്തു അടച്ചു.
മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൊടുക്കാത്തവരെയും വലിച്ചെറിയുന്നവരെയും കണ്ടെത്തി നോട്ടീസ് നൽകുകയും അവർക്ക് പ്രത്യേകം ബോധവൽക്കരണം നൽകുകയും ചെയ്തു.
പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി 2700 റിംഗ് കമ്പോസ്റ്റ് ആയിരം പൈപ്പ് കമ്പോസ്റ്റ് 400 ബുക്ക് ഹാപ്പി ബക്കറ്റ് 45 ബയോഗ്യാസ് പ്ലാന്റ് എന്നിവ ജനങ്ങൾക്ക് നൽകി. മലിനജലസംസ്കരണ ഉപാധികൾ ഇല്ലാത്ത വീടുകളിൽ സോക്ക് പിറ്റ് നിർമ്മിക്കാൻ നിർദ്ദേശം നൽകി.
മാലിന്യങ്ങൾ വലിച്ചെറിയാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂചന ബോർഡുകളും സിസിടിവി ക്യാമറകളും സ്ഥാപിച്ചു. നാട്ടുകാർ എല്ലാവരും നല്ല രീതിയിൽ തന്നെ പദ്ധതിയോട് സഹകരികുകയും എല്ലാ കാര്യങ്ങൾക്കും എം എൽ എ യ്ക്കും മറ്റ് ജനപ്രതിനിധികൾക്കും ഒപ്പം ഉണ്ടായിരുന്നതായി 100% ശുചിത്വം കൈവരിച്ച കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് സുലജ പറഞ്ഞു.
എം ൽ എ യുടെ നിർദ്ദേശപ്രകാരം ഹരിത കർമ്മ സേനയും കുടുംബശ്രീയും മറ്റ് പ്രവർത്തകരെയും വിളിച്ച് ചേർത്ത് യോഗം കൂടുകയും ശുചീകരണം പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. നാട്ടുകാർ എല്ലാവരും കൃത്യമായി ഹരിത കർമ്മ സേനാംഗങ്ങൾക്ക് യൂസർ ഫീ നൽകുന്നുണ്ട്.
ഞങ്ങൾ വലിച്ചെറിയുന്നവരെ കൃത്യമായി നിരീക്ഷിക്കുകയും അവരെ ബോധവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 90% ത്തോളം ശുചിത്വം കൈവരിക്കാൻപഞ്ചായത്തിന് ആയിട്ടുണ്ട്. കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് രതി പറഞ്ഞു.
പഞ്ചായത്തിലെ 17 ഗ്രാമസഭകളും പദ്ധതിയിൽ പങ്കാളികളായി.വീടുകൾ തോറും കയറിയിറങ്ങി സ്‌ക്വാഡ് പ്രവർത്തനം നടത്തി. ശുചീകരണം ഹർത്താൽ നടത്തി ഒരു ദിവസം മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ അംഗങ്ങളും വ്യാപാരി വ്യവസായ സമിതികളും സന്നദ്ധസംഘടനകളും ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ ചെയ്തു.ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീധരൻ പറഞ്ഞു.
ഇവരെ പോലെ മറ്റ് പഞ്ചായത്തുകളും ഒപ്പം എത്താൻ ഉള്ള ഓട്ടത്തിലാണ്. "ഔഷധകൃഷി ","ഉയരാം പറക്കാം " എന്നീ പദ്ധതികളിൽ നേട്ടം കൈവരിച്ചതുപോലെ എംഎൽഎ എം വിജിന്റെ നേട്ടങ്ങളിലെ മറ്റൊരു പൊൻതൂവൽ കൂടിയാകും ഇത്.
" നിർമ്മലം കല്യാശ്ശേരി"യിലൂടെ " ഓഗസ്റ്റ് 30ന് ക്ലസ്റ്റർ തലത്തിലും സെപ്റ്റംബർ 31ന് വാർഡ് തലത്തിലും നവംബർ 30ന് പഞ്ചായത്ത് തലത്തിലും ഡിസംബർ 31ന് മണ്ഡലം തലത്തിലും സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്താൻ ഒരുങ്ങുകയാണ് കല്യാശ്ശേരി.
ഈ പ്രഖ്യാപനം സാധ്യമായാൽ കേരളത്തിലെ ആദ്യ ശുചിത്വ മണ്ഡലമായി കല്യാശ്ശേരി മാറും. കേരളത്തിനു മുഴുവൻ മാതൃകയായി കല്യാശ്ശേരി ഉയരും. ആ സുദിനത്തിനായി ഒരു നാടിനെ മുഴുവൻ കൈകോർത്തുകൊണ്ട് മുന്നേറുകയാണ് എംഎൽഎ വിജിനും കല്യാശ്ശേരി മണ്ഡലവും.

Article by Chithra A
SUB EDITOR TRAINEE TRUEVISIONNEWS.COM BA sociology (government arts & science collage Thavanoor), MA Sociology (Calicut University Campus),
#Kalyasseri #NirmalamKalyassery #new #habits #NewKerala
