കോഴിക്കോട് : ഖത്തറിലെ ഇന്ത്യൻ എംബസിയുടെ സർട്ടിഫിക്കറും മുക്തിയാറും വ്യാജമായി നിർമ്മിച്ച് ഗൾഫിലുള്ള മകന്റെ നിർമ്മാണം പൂർത്തിയായി വരുന്ന വീടും സ്ഥലവും പിതാവ് വഞ്ചനയിലൂടെ വില്പന നടത്തിയതായി പരാതി.

വടകര വില്ല്യാപ്പള്ളി കുരിടിമുക്കിലെ കുഞ്ഞിപീടിക യിൽ കെ.പി.കെ കുഞ്ഞബ്ദുള്ളയ്ക്കും ഭൂമി വാങ്ങിച്ച പുറമേരി കുനിങ്ങാട് വിലാതപുരഞ്ഞെ മമ്മുപറമ്പത്ത് മുഹമ്മദ് റഫീഖ്, ഇടപാടിന് കൂട്ടുനിന്ന താമരശ്ശേരിയിലെ ആധാരം എഴുത്തുകാരൻ കെ രാജൻ എന്നിവർക്കെതിരെയാണ് പരാതി.
കോഴിക്കോട് റൂറൽ പോലീസ് സൂപ്രണ്ടിനും റജിസ്ട്രേഷൻ വകുപ്പ് അധികൃതർക്കും ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്ന വില്ല്യാപ്പള്ളി സ്വദേശി പുതിയോട്ടിൽ ഷെരീഫ് ഖത്തർ എംബസി മുഖേനെ നൽകിയ പരാതിയിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വില്ല്യാപ്പള്ളി വില്ലേജിലെ മലാറക്കൽ താഴെ ഷെരീഫ് വിലകൊടുത്ത് വാങ്ങിച്ച സർവേ നമ്പർ: 269/20, തണ്ടപ്പർ നമ്പർ: 10217. 26 സെന്റ് വിസ്തീർണ്ണമുള്ള ഭൂമിയും ഇതിൽ നിർമ്മിച്ച ഇരുനില വീടുമാണ് വില്പന നടത്തിയത്. ഇക്കഴിഞ്ഞ മാസം ഈ വസ്തുവിന്റെ ഭൂനികുതി ഷെരീഫ് അടയ്ക്കാൻ ശ്രമിച്ചപ്പോഴാണ് സ്വത്ത് തന്റെ പേരിൽ നിന്ന് വഞ്ചനാപരമായ രീതിയിൽ മറിച്ചു വിറ്റതായി കണ്ടെത്തിയത്.
വില്ല്യാപ്പള്ളിയിലെ സബ് രജിസ്ട്രാർ ഓഫീസിൽ ഷെരീഫ് നടത്തിയ അന്വേഷണത്തിൽ, വസ്തുവകകൾ 2023 ജൂൺ 1-ന് താമരശ്ശേരി സബ് രജിസ്ട്രാർ ഓഫീസി നിന്ന് മുഹമ്മദ് റഫീഖിന് രജിസ്ട്രേഷൻ നടത്തി നൽകിയതായി കണ്ടെത്തി. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ മുഹമ്മദ് റഫീഖ് ഉൾപ്പെട്ട ഒരു സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് ഷെരീഫ് ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
തന്റെ കൈവശമുള്ള ആധാരം നഷ്ടപ്പെട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കുഞ്ഞബ്ദുള്ളയും റഫീഖും 2023 ഏപ്രിൽ 21 ന് മാധ്യമം പത്രത്തിൽ തന്റെ അറിവോ സമ്മതമോ ഇല്ലാതെ പരസ്യം നൽകിയതായും ഷരീഫ് പറയുന്നു. ഈ പത്ര പരസ്യം വില്ല്യാപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ ഹാജറാക്കിയാണ് ആധാരത്തിന്റെ പകർപ്പ് സംഘടിപ്പിച്ചത്.
2022 നവംബർ 5ന് അവർ തന്റെ പേരിൽ ഒരു മുദ്ര പേപ്പർ വാങ്ങുകയും ഒരു വ്യാജ എംബസി സീലും ഔദ്യോഗിക പേരുകളും ഉപയോഗിച്ച് അധികാരികളെ വഞ്ചിക്കാൻ വ്യാജ മുക്തിയാറും ( പവർ ഓഫ് അറ്റോണി ) ഉണ്ടാക്കിയതായും ഷരീഫ് പറയുന്നു. 2023 ജൂൺ 1 നാണ് താമരശ്ശേരി രജിസ്ട്രാർ ഓഫീസിൽ ഭൂമി ഇടപാട് നടത്തിയത്.
താമരശ്ശേരിയിലാണ് ഇപ്പോൾ താമസിക്കുന്നതെന്ന് കുഞ്ഞബ്ദുള്ള സത്യവാങ്മൂലം നൽകിയാണ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതെന്നും കരുതുന്നു. താമരശ്ശേരി സ്വദേശി രാജൻ എന്ന എഴുത്തുകാരനും ഒത്താശ ചെയ്തതായും ഷരീഫ് പരാതിയിൽ പറയുന്നു.
എന്നാൽ ബോധപൂർവ്വം ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നേരത്തെ പരിചയം ഉണ്ടായിരുന്ന റഫീഖും കുഞ്ഞബ്ദുള്ളയും തന്നെയും ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിച്ചാണ് ഭൂമി രജിസ്ട്രേഷൻ നടത്തിച്ചതെന്ന് രാജൻ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു. ഇദ്ദേഹം താമരശ്ശേരി പൊലീസിൽ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. റഫീഖ് തന്നെ വഞ്ചിച്ചു വെന്നാണ് കുഞ്ഞബ്ദുള്ള ട്രൂവിഷൻ ന്യൂസിനോട് പ്രതികരിച്ചത്.
#Forgery #Embassy #Certifier #Complaint #fakedocument #sold #land #Gulf #kozhikkode