പത്തനംതിട്ട: (www.truevisionnews.com)ആള്‍ക്കൂട്ടത്തിൽ അലിഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര. പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ എംസി റോഡിലെ ചെറുകവലകളിൽ വരെ ജനക്കൂട്ടം ഒഴുകിയെത്തുകയാണ്.

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് സ്വന്തം നാടായ കോട്ടയം പുതുപ്പള്ളിയിലേയ്ക്കുള്ള വിലാപ യാത്ര മണിക്കൂറുകള്‍ വൈകിയാണ് നീങ്ങുന്നത്.
രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പളി ഹൗസിൽ നിന്ന് തുടങ്ങിയ യാത്ര 15 മണിക്കൂർ പിന്നിടുമ്പോൾ അടൂരില്‍ എത്തിയിട്ടേയുള്ളു. രാത്രി വൈകിയും വഴിയുലുടനീളം സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം വൻ ജനാവലി പ്രിയ നേതാവിനെ ഒരു നോക്കു കാണാൻ കാത്തുനിൽക്കുകയാണ്.
കൊട്ടാരക്കരയിലും ഏനാത്തും വികാര നിർഭരമായ രംഗങ്ങളിലൂടെയാണ് വിലാപയാത്ര കടന്നുപോയത്. തിരുവനന്തപുരം ജില്ലയിലെ 20 കിലോമീറ്റർ ദൂരം പിന്നിടാൻ വിലാപയാത്രയ്ക്ക് നാലര മണിക്കൂർ വേണ്ടിവന്നു. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്.
രാത്രി ഒമ്പത് മണിയോടെ പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്ക് പ്രവേശിച്ച വാഹനവ്യൂഹം 11 മണിയോടെയാണ് അടൂര്‍ ടൗണിലേക്ക് എത്തിയത്. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ആയിരങ്ങളാണ് വഴി നീളെ കാത്ത് നിന്നത്.
ചടയമംഗലത്തും വാളകത്തും ആയൂരും കൊട്ടാരക്കരയും വൻ ജനക്കൂട്ടമാണ് ഉമ്മൻചാണ്ടിക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത്. പുഷ്‌പാലംകൃത വാഹനത്തിൽ കുടുംബാംഗങ്ങളും കോൺഗ്രസ് നേതാക്കളും ഉമ്മൻചാണ്ടിയുടെ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
#Crowdedfuneralprocession At #Adur after 15 hours of mourning
