കോട്ടയം : ( truevisionnews.com ) മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതനായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്.

2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.
പുതുപ്പള്ളിക്കാർ ഹൃദയത്തോട് ചേർത്തുവെച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അഞ്ചു പതിറ്റാണ്ട് നിയമസഭയിൽ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ച അദ്ദേഹം നാലുതവണ മന്ത്രിയും രണ്ടുതവണ മുഖ്യമന്ത്രിയുമായി.
തുടർച്ചയായി 12 തവണ പുതുപ്പള്ളിയിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് രാഷ്ട്രീയ ജീവിതത്തിലെ അദ്ദേഹത്തിന്റെ ജനകീയത തെളിയിക്കുന്നു.
1970നും 2021നുമിടയിലെ തെരഞ്ഞെടുപ്പുകളിലെല്ലാം എതിരാളികള്‍ മാറി മാറി വന്നിട്ടും ഉമ്മന്‍ചാണ്ടിയല്ലാതൊരു പേര് അന്നാട്ടുകാരുടെ മനസ്സിലെത്തിയില്ല.
പുതുപ്പള്ളിയല്ലാതൊരു മണ്ഡലത്തെ കുറിച്ച് ഉമ്മന്‍ചാണ്ടിയുടെ ആലോചനയിൽ തന്നെ ഉണ്ടായിരുന്നില്ല. ഏതു സമയത്തും എന്താവശ്യത്തിനും പുതുപ്പള്ളിക്കാര്‍ക്ക് അദ്ദേഹത്തിനരികിലെത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നു.
ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ച കാരോട്ട് വള്ളക്കാലിലെ വീട്ടില്‍ അദ്ദേഹമുണ്ടാവുമെന്നും ചേർത്തുപിടിച്ച് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്നും അവർ ഉറച്ചു വിശ്വസിച്ചു.
തിരുവനന്തപുരത്ത് വീട് വെച്ചപ്പോഴും അതിന് അദ്ദേഹം നൽകിയ പേര് ‘പുതുപ്പള്ളി ഹൗസ്’ എന്നായിരുന്നു. മുഖ്യമന്ത്രിയായപ്പോഴും ഞായറാഴ്ചകളില്‍ തറവാട്ടിലെത്തിയായിരുന്നു പ്രവർത്തനങ്ങള്‍.
പുതുപ്പളളിക്കാര്‍ക്കൊപ്പം പുതുപ്പള്ളി പുണ്യാളനും തനിക്ക് കൂട്ടുണ്ടെന്ന വിശ്വാസമായിരുന്നു പ്രതിസന്ധി കാലങ്ങളിലെല്ലാം ഉമ്മന്‍ചാണ്ടിയുടെ ആത്മവിശ്വാസം.
രാഷ്ട്രീയമായി വേട്ടയാടിയവര്‍ക്കെല്ലാം തിരിച്ചടി കിട്ടിയ കാലത്ത് പുതുപ്പളളി പള്ളിക്ക് മുന്നില്‍ ഏകനായി പ്രാര്‍ഥിച്ചു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ചിത്രമായിരുന്നു അനുയായികളുടെ മറുപടി.
#oommenchandy #former #keralacm #passed #away
