കിയവ്: (www.truevisionnews.com)തെക്കുപടിഞ്ഞാറൻ റഷ്യയിൽ യുക്രെയ്ൻ അതിർത്തിയിലെ വൊറോണേഷ് നഗരത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ആൾപാർപ്പുള്ള കെട്ടിടത്തിലാണ് ഡ്രോൺ പതിച്ചതെന്ന് ഗവർണർ അലക്സാണ്ടർ ഗുസേവ് പറഞ്ഞു.
തെക്ക്, കിഴക്കൻ മേഖലകളിൽനിന്ന് റഷ്യൻ സേനയെ തുരത്താനുള്ള യുക്രെയ്ൻ ശ്രമത്തിനിടെയാണ് ഡ്രോൺ ആക്രമണം. ബഹുനില അപ്പാർട്മെന്റ് കെട്ടിടത്തിന്റെ ജനലുകൾ തകർന്നതിന്റെ ദൃശ്യങ്ങൾ റഷ്യൻ മാധ്യമങ്ങൾ പുറത്തുവിട്ടു.അതിനിടെ, അതിർത്തി നഗരമായ സപോരിഷിയയിലെ റഷ്യൻ അധിനിവേശ സേനക്കെതിരെ യുക്രെയ്ൻ സൈന്യം ആക്രമണം നടത്തിയതായി റഷ്യൻ ഉദ്യോഗസ്ഥരും സൈനിക ബ്ലോഗർമാരും റിപ്പോർട്ട് ചെയ്തു.
തുടർച്ചയായ രണ്ടാം രാത്രിയിലും യുക്രെയ്ൻ സേന ഒറിഖീവ് നഗരത്തിലേക്ക് കടക്കാനുള്ള ശ്രമം നടത്തിവരുകയാണ്. ടാങ്കുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെയാണ് ആക്രമണം. ശത്രു തികഞ്ഞ പ്രതിരോധത്തിലാണെന്ന് മുതിർന്ന യുക്രെയ്ൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
യുക്രെയ്ൻ പ്രത്യാക്രമണത്തിന്റെ മുഖ്യകേന്ദ്രം സപോരിഷിയ ആയിരിക്കുമെന്ന നിഗമനത്തിലാണ് സൈനിക രംഗത്തെ വിദഗ്ധർ. അസോവ് കടലിലേക്കുള്ള പ്രവേശന നിയന്ത്രണം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് യുക്രെയ്നെന്ന് അവർ പറയുന്നു. ഇതോടെ റഷ്യൻ സേന രണ്ടു ഭാഗങ്ങളിലേക്ക് വിഭജിക്കപ്പെടും. റഷ്യൻ സേനയെ ദുർബലപ്പെടുത്തുന്നതായിരിക്കും ഈ നീക്കം.
Drone attack in Russia on Ukraine border