കോഴിക്കോട് : ഒഡീഷയിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ കേരളത്തിലെ അതിഥി തൊഴിലാളിയും മരിച്ചു. പത്തുവർഷത്തിലേറെയായി കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കുറ്റ്യാടി, കക്കട്ട് മേഖലകളിൽ ജോലി ചെയ്തുവരുന്ന പശ്ചിമബംഗാൾ സ്വദേശി സദ്ദാം ഹുസൈന്റെ (29) മരണമാണ് നാടിന് ഞെട്ടലായത്.

ഡേമാർട്ട് ഹൈപ്പർമാർക്കെറ്റ് ഗ്രൂപ്പിലെ തൊഴിലാളിയായാണ് കുറെ വർഷങ്ങളായി ഈ ബംഗാൾ സ്വദേശി ജോലി ചെയ്തിരുന്നത്. അവധിയെടുത്ത് നാട്ടിലേക്ക് പോയ സദ്ദാം ഹുസൈൻ അടുത്ത ആഴ്ച നടക്കുന്ന ഡേമാർട്ട് കടിയങ്ങാട് ഹൈപ്പർമാർക്കെറ്റിന്റെ ഉദ്ഘാടനത്തിനായി മടങ്ങവെയാണ് തീവണ്ടി ദുരന്തത്തിൽപ്പെട്ടത്.
ഇന്ന് രാവിലെയാണ് സദ്ദാം ഹുസൈന്റെ മരണവിവരം ബന്ധുക്കൾ സ്ഥിരീകരിച്ചത്. കുറ്റ്യാടി, കക്കട്ട് ടൗണുകളിൽ വലിയ സൗഹൃദ ബന്ധമാണ് സദ്ദാമിനുള്ളത്.
പശ്ചിമബംഗാളിലെ സാധാരണ കുടുംബത്തിൽ ജനിച്ച സദ്ദാം ഹുസൈന്റെ സ്നേഹ വാത്സല്യ മറിഞ്ഞു ബംഗാളിലെ അവന്റെ വീട് സന്ദർശിച്ചതായും വലിയ ഞെട്ടലാണ് മരണം ഉണ്ടാക്കിയതെന്നും ഡേ മാർട്ട് മാനേജിംഗ് ഡയറക്‌ടർമാരായ അലിയും മുസ്തഫയും പറഞ്ഞു.
ഒഡിഷയിൽ 280 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം ബലാസൂറിലെ ബഹ്‍നാദിലാണ് നടന്നത്.ഇന്നലെ 7 മണിയോടെ നടന്ന ട്രെയിന്‍ അപകടത്തില്‍ 900ലേറെ പേർക്കാണ് പരുക്കേറ്റത്. ഇത്രയധികം പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിൻ അപകടങ്ങളാണ്.
മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്.
അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്.
തൃശൂര്‍ സ്വദേശികളായ നാലുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടർന്ന് സർക്കാർ തലത്തിൽ ഉള്ള ആഘോഷ പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പടുത്തി.
The train disaster; Saddam Hussain's death came as a shock to Kozhikode
