(www.truevisionnews.com)മധ്യവേനലവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം, നമുക്ക് കണ്ണും കാതും തുറന്നു വെച്ച് കാവലൊരുക്കാം ,നമ്മുടെ പിൻമുറക്കാരുടെ ജീവിതം തകരാതിരിക്കാൻ. പൊന്നുപോലെ വളർത്തി മൺകലങ്ങൾ പോലെ ഉടഞ്ഞ് തീരുന്ന ജീവിതങ്ങൾ. ഒടുവിൽ ഡോക്ടർ വന്ദന. എനിയുമെത്ര ജീവനുകൾ !
പണ്ട് കേട്ടുകേൾവിയില്ലാത്തതും ഇന്ന് സുലഭവുമായ ഒന്നാണ് ലഹരി. ദിവസങ്ങളും മണിക്കൂറുകളും കഴിയുംന്തോറും ലഹരി ഉപയോഗം വർധിക്കുകയാണ്. ആൺ-പെൺ-പ്രായ വ്യത്യാസങ്ങളില്ലാതെ ലഹരിക്ക് അടിമകളായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ജീവിതം പോലും വഴിതെറ്റിക്കുന്ന ലഹരി വസ്തുക്കളെക്കുറിച്ച് യുവജനങ്ങള്‍ക്ക് വേണ്ടത്ര അറിവില്ലെന്നതാണ് വന്‍തോതിലുള്ള ലഹരി ഉപയോഗത്തിന്റെ യഥാര്‍ത്ഥ കാരണം.
കൗമാരക്കാരെ ആകര്‍ഷിക്കുന്ന ലഹരി മരുന്നുകള്‍ മസ്തിഷ്‌കത്തെയും നാഡീ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് കൂടുതലായും ലഹരി മരുന്നുകൾ വിൽക്കപ്പെടുന്നത്. കുട്ടികളെ ആകർഷിക്കാൻ തക്കവണ്ണം സ്റ്റാമ്പ്, മിഠായി, വിവിധ ആകൃതിയിലും നിറത്തിലും മയക്ക് മരുന്നുകൾ നൽകുന്നു.
സ്കൂളിൽ ലഹരി ബോധവൽക്കരണവും കുട്ടികളിൽ ലഹരിയുടെ അവബോധം ഉണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ ഈകുട്ടികൾക്ക് മാത്രം ഇത്തരത്തിലുള്ള ബോധവൽക്കരണം നൽകിയാൽ മതിയാവില്ല. അധ്യാപകർക്ക് കൂടെ ലഹരി ഉപയോഗത്തെ കുറിച്ച് ക്ലാസ്സെടുക്കണം. ഇപ്പോൾ അധ്യാപകരും ലഹരി ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ലഹരിക്കടിമയായ ഒരു അധ്യാപകൻ ഒരു യുവ ഡോക്ടറെ കൊലപ്പെടുത്തിയതിയതിന് കേരളം സാക്ഷിയാണ്. സകല മേഖലയിലും ലഹരി ഇപ്പോൾ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്. സിനിമ മേഖലയിൽ ലഹരി ഉപയോഗിച്ചതിന്റെ പേരിൽ രണ്ട് യുവ നടന്മാരെ സിനിമയിൽ നിന്ന് വിലക്കിയിട്ടും ദിവസങ്ങൾ ആയതേ ഉള്ളു. ഇത്തരത്തിൽ ചെറുതും വലുതുമായ ഒട്ടനവധി കുറ്റകൃത്യങ്ങളാണ് സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്നത്.
കേവലം ഒരു വിനോദത്തിന് വേണ്ടി ആരംഭിക്കുന്ന പല ശീലങ്ങളും പിന്നീട് ഒഴിവാക്കാനാവാത്ത ലഹരിയോടുള്ള അടിമത്തമായി മാറുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ദു:ഖങ്ങള്‍ മറക്കാനും സന്തോഷത്തിനുവേണ്ടിയുമാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്നാണ് പല മയക്കുമരുന്ന് അടിമകളും പറയുന്നത്. ബോധവൽക്കരണവും ചികിത്സയും നടത്തിയിട്ടും വീണ്ടും അതിലേക്ക് തന്നെ പോകുന്നവരും ഉണ്ട്.
സ്വയം നിയന്ത്രിക്കാതെയും സ്വയം മനസിലാകാതെയും ഇതിൽ നിന്ന് മുക്തരാവാൻ ആർക്കും സാധിക്കില്ല. ലഹരി ഉപയോഗത്തിനെതിരെ ആളുകളില്‍ പ്രചാരണം നടത്തുക എന്നത് മാത്രമല്ല, ലഹരി ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനവും കൂട്ടായ പ്രയത്നവുമാണ് വേണ്ടത് എന്ന് സാരം. ഇല്ലെങ്കിൽ ലഹരി ഉപയോഗം കൂടുക തന്നെ ചെയ്യും. അല്ലെങ്കിൽ നമുക്ക് ഒരു വന്ദനയെ കൂടെ ഇല്ലാതായെന്ന് വരാം...

Article by നൗറിൻ മിനാറ. കെ. എം.
ബിഎ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ ( മധുരൈ കാമരാജ് യൂണിവേഴ്സിറ്റി ) സബ് എഡിറ്റർ - ട്രൂവിഷന്‍ ന്യൂസ് ACV News Thalasseri ( 6 month trainy ), City Vision News Kannur ( 4 year experience - Sub Editor, Reporter, News anchoring )
Join hands against drug addiction