പൊരിവേനലിലും മഞ്ഞുപെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇതാ ദുബൈ എമിറേറ്റ്സ് മാളിലെത്തിയാൽ മതി. ഏത് വേനൽകാലത്തും ഇവിടെ മഞ്ഞുപെയ്തിറങ്ങും. എമിറേറ്റ്സ് മാളിലെ സ്കീ ദുബൈയിലെ കൃത്രിമ മഞ്ഞുതീരത്ത് സ്നോ റൺ മത്സരം മടങ്ങിയെത്തുകയാണ്. മേയ് 21നാണ് സ്നോ റണ്ണിന്റെ നാലാം എഡിഷൻ ഇവിടെ അരങ്ങേറുന്നത്.

കഴിഞ്ഞ സീസണിൽ 500ഓളം പേർ പങ്കെടുത്ത മത്സരത്തിൽ ഇക്കുറി അതിലേറെ പേരെയാണ് പ്രതീക്ഷിക്കുന്നത്. മഞ്ഞിലൂടെയുള്ള ഓട്ടമത്സരമാണ് സ്കീ റൺ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ താരങ്ങൾ മഞ്ഞിൽപുതഞ്ഞ ട്രാക്കിൽ ഓടാനിറങ്ങും. വിവിധ വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. രാവിലെ 6.30ന് മത്സരം തുടങ്ങും. 15മുതൽ 70 വയസ് വരെയുള്ള മത്സരാർഥികളുണ്ടാകും. മൂന്ന്, അഞ്ച് കിലോമീറ്ററുകളാണ് മത്സരം.
മൈനസ് നാല് ഡിഗ്രിയിലെ കൊടുംതണുപ്പിലാണ് ഓടേണ്ടത്. തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങളണിഞ്ഞായിരിക്കും ഓട്ടം. സ്നോ സ്പോർട്സിന്റെ ഹബ്ബെന്ന ദുബൈയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതായിരിക്കും സ്നോ റൺ എന്ന് ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹരെബ് പറയുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് www.dubaisc.ae എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.
You can take a shower in the snow; Come to Dubai Mall of the Emirates
