മാനന്തവാടി: നിയന്ത്രണം നീക്കാത്തതിനാൽ വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപിലെത്തുന്ന സഞ്ചാരികൾ ടിക്കറ്റ് ലഭിക്കാതെ നിരാശയോടെ മടങ്ങുന്ന അവസ്ഥയാണ് . കൂടാതെ അവധിക്കാലമായതിനാൽ നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകുന്നത്. ഡി.ടി.പി.സിക്ക് കീഴിലും വനംവകുപ്പിനു കീഴിലുമായി ദിനംപ്രതി 1080 പേർക്ക് മാത്രമാണ് പ്രവേശനാനുമതി നൽകിയിരിക്കുന്നത് . സാധാരണ ദിവസങ്ങളിൽ രാവിലെ 10.30ഓടെ ടിക്കറ്റുകൾ തീരും.

എന്നാൽ അവധി ദിവസങ്ങളിൽ രാവിലെ 8.30ഓടെ ടിക്കറ്റ് വിതരണം പൂർത്തിയാകും. രാവിലെ ഏഴു മുതലാണ് ടിക്കറ്റ് വിതരണം ആരംഭിക്കുക. ഇതൊന്നുമറിയാതെ കേരളത്തിനകത്തും പുറത്തു നിന്നുമായി കുട്ടികളും സ്ത്രീകളുമടക്കമുള്ള നൂറുകണക്കിന് സഞ്ചാരികൾ ആണ് ദിനം പ്രതി ഇവിടെയെത്തി മടങ്ങുന്നത് .2017ൽ ഭരണകക്ഷിയായ സി.പി.എമ്മും സി.പി.ഐയുമായുള്ള തർക്കത്തെ തുടർന്ന് ദ്വീപ് അടച്ചിട്ടിരുന്നു.
പിന്നീട് സർക്കാർ തലത്തിൽ നിരവധി തവണ നടത്തിയ ചർച്ചകൾക്കൊടുവിലാണ് രണ്ടിടങ്ങളിൽനിന്നായി 540 ആളുകളെ വീതം പ്രവേശിപ്പിക്കാൻ അനുമതി നൽകിയത്. അതിന് മുമ്പ് സഞ്ചാരികൾ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നില്ല. അതിനാൽ നല്ല വരുമാനമായിരുന്നു ഡി.ടി.പി.സിക്കും വനസംരക്ഷണ സമിതിക്കും ലഭിച്ചിരുന്നത്. പുൽപള്ളി പാക്കം വഴിയും കാട്ടിക്കുളം പാൽവെളിച്ചം വഴിയുമായി രണ്ടു ഭാഗങ്ങളിലൂടെയാണ് കുറുവ ദ്വീപിലേക്ക് പ്രവേശനമുള്ളത്.
ഇരു ഭാഗത്തും ചങ്ങാട സർവിസുള്ളതാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കാനുള്ള പ്രധാന കാരണം. അതുപോലെ എല്ലാവിധ സുരക്ഷ സംവിധാനവും ഒരുക്കിയാണ് സഞ്ചാരികളെ ചങ്ങാടത്തിലേക്ക് കയറ്റാറുള്ളൂ. 900 ഏക്കറോളം വിസ്തൃതൃതിയുള്ള ദ്വീപാണ് കുറുവ. നിലവിലെ നിയന്ത്രണങ്ങളെടുത്ത് മാറ്റണമെന്നാണ് സഞ്ചാരികളും പ്രദേശവാസികളും ഒരുപോലെ ആവശ്യപ്പെടുന്നത്.
Kurua Island's control was not lifted; Tourists in despair without tickets