അഹമ്മദാബാദ് : കോഴി മൃഗമാണോ എന്നതിൽ ഗുജറാത്ത് ഹൈക്കോടതിയിൽ ചൂടേറിയ വാദം. കോഴിയെ കോഴിക്കടകളിൽ കശാപ്പ് ചെയ്യുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിന്മേൽ ഗുജറാത്ത് ഹൈക്കോടതിയിൽ വാദം തുടരുന്നതിനിടെയാണ് കോഴി മൃഗമാണോ എന്ന ചോദ്യമുയർന്നത്.

നിയമപ്രകാരം കോഴി മൃഗമാണോ പക്ഷിയാണോ എന്നതിൽ ആശയക്കുഴപ്പം തുടരുകയാണെന്ന് കോടതി വ്യക്തമാക്കി. മൃഗങ്ങളെ കൊല്ലേണ്ടത് അറവുശാലകളിൽ വെച്ചാണെന്നും കടകളിൽ വെച്ചല്ലെന്നും ഉന്നയിച്ചാണ് അനിമൽ വെൽഫെയർ ഫൗണ്ടേഷനും അഹിംസ മഹാസംഘവും കോടതിയെ സമീപിച്ചത്.
കോഴിക്കടകളിൽ കോഴികളെ കൊല്ലുന്നത് നിരോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ, കോഴിയെ മൃഗമായി പരിഗണിക്കാമോ എന്ന കോടതിയുടെ ചോദ്യത്തെ തുടർന്നാണ് അനിശ്ചിതാവസ്ഥയുണ്ടായത്.
മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമത്തിലെ സെക്ഷൻ രണ്ട് (എ) പ്രകാരം മനുഷ്യനല്ലാത്ത എല്ലാ ജീവികളും മൃഗങ്ങളുടെ പരിധിയിൽപ്പെടുമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് നിയമപ്രകാരം ജീവനുള്ള മൃഗങ്ങളെ ഇറച്ചി കടയുടെ പരിസരത്ത് അനുവദിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി. അങ്ങനെയെങ്കിൽ കടയിലേക്ക് കൊണ്ടുവരുന്ന മത്സ്യം പോലും അറവുശാലയിലേക്ക് കൊണ്ടുപോകേണ്ടെയെന്ന് ജഡ്ജി ചോദിച്ചു.
ആട്ടിറച്ചി കടയിൽ കോഴിയെ അറുക്കരുതെന്ന് പറയുന്നത് വളരെ വിചിത്രമാണെന്നും കോടതി നിരീക്ഷിച്ചു. ഈ വർഷം ജനുവരിയിലാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
ഹർജി സ്വീകരിച്ച് ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് അശുതോഷ് ശാസ്ത്രി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാർ, മൃഗസംരക്ഷണ ഡയറക്ടർ, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) കമ്മീഷണർ, കമ്മീഷണർ എന്നിവർക്ക് നോട്ടീസ് അയച്ചു.
പക്ഷികളെ അറവുശാലയിലേക്ക് അയക്കണോ,കോഴിയെ മൃഗമായി കണക്കാക്കാമോ? നല്ല ചിക്കൻ, ചീത്ത ചിക്കൻ എന്ന് എങ്ങനെ വേർതിരിക്കാം തുടങ്ങിയ കാര്യങ്ങളിലാണ് ഹൈക്കോടതി വ്യക്തത തേടിയത്.
Is a chicken an animal? Heated argument in Gujarat High Court
