പുതുച്ചേരി : പുതുച്ചേരിയിൽ ബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. വില്ലിയന്നൂരിലെ ബേക്കറിയിലാണ് സംഭവം. സെന്തിൽ കുമാർ ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി മൂന്ന് മോട്ടോർസൈക്കിളുകളിലായെത്തിയ ഏഴംഗ സംഘം സെന്തിൽ കുമാറിന് നേരെ ആദ്യം നാടൻ ബോംബ് എറിയുകയും പിന്നീട് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശിവായത്തിന്റെ അടുത്ത ബന്ധുവാണ് കൊല്ലപ്പെട്ട സെന്തിൽ കുമാറെന്ന് റിപ്പോർട്ടുകളുണ്ട്. അക്രമത്തിന്റെ വിവരമറിഞ്ഞ ഉടനെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സെന്തിലിനെ രക്ഷിക്കാനായില്ല.
സെന്തിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അക്രമികളെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അതിനിടെ പ്രതിപക്ഷമായ ഡിഎംകെയിലെ നേതാവ് ആർ ശിവ തിങ്കളാഴ്ച ഈ വിഷയം നിയമസഭയിലുന്നയിച്ചു.
കഴിവുറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. സെന്തിൽ കുമാറിന്റെ കൊലപാതകം ജനങ്ങൾക്കിടയിൽ പരിഭ്രാന്ത്രി പരത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ആഭ്യന്തര മന്ത്രിയുടെ ബന്ധു തന്നെ അതിക്രൂരമായ വിധത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ സാധാരണക്കാരന് എങ്ങനെ സുരക്ഷിതനായിരിക്കാൻ കഴിയുമെന്നാണ് ജനങ്ങളുടെ ആശങ്കയെന്നും ആർ ശിവ അഭിപ്രായപ്പെട്ടു.
BJP worker hacked to death in Puducherry
