ഹോംങ്കോങ്: സാഹസിക വിനോദ ഇനമായ ബംഗീ ജംപിനിടെ കയര്‍ പൊട്ടി മരണത്തെ മുഖാമുഖം കണ്ട് വിനോദ സഞ്ചാരി. ഹോംങ്കോങില്‍ നിന്നുള്ള വിനോദ സഞ്ചാരിക്കാണ് തായ്ലന്‍ഡ് സഞ്ചാരത്തിനിടെ ദുരനുഭവമുണ്ടായത്. പട്ടായയില്‍ വച്ചാണ് 39കാരനായ മൈക്ക് പത്ത് നില കെട്ടിടത്തിന്‍റെ ഉയരമുള്ള പ്ലാറ്റ്ഫോമില്‍ നിന്ന് ബംഗീ ജംപ് നടത്തിയത്.

വലിയൊരു സ്വിമ്മിംഗ് പൂളിന് മുകളിലായിരുന്നു പ്ലാറ്റ്ഫോം സജ്ജമാക്കിയിരുന്നത്. പ്ലാറ്റ്ഫോമില്‍ നിന്ന് താഴേയ്ക്ക് കാലുകള്‍ കയറില്‍ ബന്ധിപ്പിച്ച് ചാടുന്നതിനിടെ കയര്‍ പൊട്ടുകയായിരുന്നു. പെട്ടന്ന് കയര്‍ പൊട്ടിയതോടെ പത്ത് നില കെട്ടിടത്തിന്‍റെ ഉയരത്തില്‍ നിന്ന് മൈക്ക് വെള്ളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
ഇടതുതോള്‍ വെള്ളത്തിലിടിച്ചാണ് മൈക്ക് പൂളിലേക്ക് പതിച്ചത്. ശരീരത്തിന്‍റെ ഇടത് ഭാഗത്ത് അതുകൊണ്ട് ഒന്നിലധികം മുറിവുകളാണ് മൈക്കിന് ഏറ്റത്. സംഘം ചേര്‍ന്ന് ആളുകള്‍ അടിക്കുന്നതിന് തുല്യമായ രീതിയിലായിരുന്നു ശരീരത്തിലുണ്ടായ വേദനയെന്നാണ് മൈക്ക് പറയുന്നത്. ചാംഗ്തായ് താപ്രായ സഫാരി ആന്‍ഡ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ വച്ചായിരുന്നു അപകടം. പാര്‍ക്കിലെ ഫയറിംഗ് റേഞ്ചില്‍ പരിശീലനം നടത്താനാണ് മൈക്ക് എത്തിയത്.
എന്നാല്‍ ധൈര്യം പരീക്ഷിക്കാനുള്ള സുഹൃത്തുക്കളുടെ വെല്ലുവിളി സ്വീകരിച്ചാണ് ബംഗീ ജംപ് ചെയതത്. കണ്ണുകള്‍ അടച്ചായിരുന്നു ചാടിയതെന്ന് തിരികെ പൊന്തുന്ന സമയത്ത് കണ്ണ് തുറക്കാമെന്നുമായിരുന്നു മൈക്ക് വിചാരിച്ചിരുന്നത്. കയര്‍ പൊട്ടിയെന്ന് മനസിലായപ്പോഴേയ്ക്കും ചുറ്റും വെള്ളത്തിലായിക്കഴിഞ്ഞിരുന്നുവെന്നാണ് മൈക്ക് സംഭവിച്ച ഗുരുതര അപകടത്തേക്കുറിച്ച് ഓര്‍ക്കുന്നത്.
വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്ന് വരാന്‍ സാധിച്ചെങ്കിലും നീന്താന്‍ കഴിയാത്ത രീതിയിലായിരുന്നു മൈക്കിന്‍റെ പരിക്കുകള്‍. സുഹൃത്തുക്കള്‍ പൂളിലേക്ക് ചാടി മൈക്കിനെ കരയ്ക്ക് എത്തിച്ചതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. ചികിത്സയ്ക്കുള്ള പണവും ബംഗീ ജംപിന്‍റെ പണവും പാര്‍ക്കുടമ തിരിച്ചു തന്നുവെന്നും മൈക്ക് പറയുന്നു. വളരെ മോശം അവസ്ഥയിലായിരുന്നു ബംഗീ ജംപിന്‍റെ കയറെന്നും ഇതാണ് അപകട കാരണമായതെന്നുമാണ് മൈക്ക് പറയുന്നത്.
Tourist seriously injured after rope breaks during bungee jump and plunges into water
