അയൽക്കാരുടെ നായയ്ക്ക് ഭക്ഷണം കൊടുക്കാൻ ചെന്നു, അക്രമത്തിൽ 38 -കാരി ദാരുണമായി കൊല്ലപ്പെട്ടു. പെൻസിൽവാനിയയിൽ ഒരു സ്ത്രീ അയൽക്കാരുടെ നായയുടെ അക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അയൽക്കാർ ഇല്ലാത്ത സമയത്ത് അവരുടെ നായയ്‍ക്ക് ഭക്ഷണം നൽകാൻ ചെന്ന സ്ത്രീയ്ക്കാണ് ദാരുണന്ത്യം സംഭവിച്ചത്.

38 -കാരിയായ ക്രിസ്റ്റിൻ പോട്ടർ എന്ന സ്ത്രീയാണ് രണ്ട് ഗ്രേറ്റ് ഡേനുകളുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്. തന്റെ ഇളയ മകനൊപ്പമാണ് ക്രിസ്റ്റിൻ അയൽക്കാരുടെ നായയ്ക്ക് ഭക്ഷണം നൽകാനായി ചെല്ലുന്നത്. അവിടെ മൂന്ന് നായ്ക്കളാണ് ഉണ്ടായിരുന്നത്. എന്നാൽ, അതിൽ രണ്ടെണ്ണം ക്രിസ്റ്റിനെ അക്രമിച്ച് തുടങ്ങി.
മൃഗങ്ങളെ മെരുക്കുന്നവർ എത്തുന്നത് വരെ എമർജൻസി സർവീസിൽ നിന്നുള്ളവർക്കോ പൊലീസിനോ പോലും സ്ത്രീയുടെ അടുത്ത് പോലും എത്താനായില്ല എന്നതും സ്ഥിതി വഷളാക്കി. ക്രിസ്റ്റിന്റെ മകൻ അമ്മ അക്രമിക്കപ്പെടുന്നത് കണ്ടയുടനെ റോഡിലേക്ക് ഓടിപ്പോയി. സഹോദരനോട് വിവരം പറയുകയും സഹോദരൻ എമർജൻസി നമ്പറിലേക്ക് വിളിക്കുകയും ആയിരുന്നു.
അപകടത്തിന് ശേഷം നായകളെ മെരുക്കുകയും മയക്കുകയും ചെയ്യുകയായിരുന്നു. മൂന്നാമത്തെ നായ അക്രമണത്തിൽ പങ്ക് ചേർന്നില്ല എന്നും പൊലീസ് പറയുന്നു. കേസിൽ എന്താണ് സംഭവിച്ചത് എന്നതിൽ കൂടുതൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. നായയുടെ ഉടമയായ വെൻഡി തന്റെ അമ്മ ഐസിയു -വിൽ ആയതിനെ തുടർന്ന് അങ്ങോട്ട് പോയതാണ്. ആ സമയത്താണ് അയൽക്കാരിയായ ക്രിസ്റ്റിനോട് നായയ്ക്ക് ഭക്ഷണം നൽകാൻ പറയുന്നത്.
സംഭവം തന്നെ തകർത്ത് കളഞ്ഞു എന്ന് വെൻഡി പറയുന്നു. 'ഇത് സംഭവിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, എനിക്ക് മരിക്കാൻ തോന്നുന്നു എന്നായിരുന്നു' ക്രിസ്റ്റിന്റെ മരണം അറിഞ്ഞ വെൻഡിയുടെ പ്രതികരണം. നായയുടെ ഉടമയായ വെൻഡിക്ക് നേരെ എന്തെങ്കിലും കേസെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഇല്ല.
A 38-year-old woman who went to feed her neighbor's dog met with a tragic end
