വീടിനോട് ചേർന്നുള്ള ബാത്ത് ടബ്ബിൽ കുളിക്കുന്നതിനിടയിൽ ദമ്പതിമാർക്ക് നേരെ പൂമയുടെ അപ്രതീക്ഷിത ആക്രമണം. കൊളറാഡോയിൽ ആണ് സംഭവം. നാത്രോപ്പിലെ വനമേഖലയിലെ ഒരു വീട്ടിൽ അവധിക്കാലം ആഘോഷിക്കാനായി എത്തിയതായിരുന്നു ദമ്പതികൾ.

ഇവിടെവച്ചാണ് ശനിയാഴ്ച രാത്രി പൂമയുടെ ആക്രമണത്തിന് ഇരുവരും ഇരയാകേണ്ടി വന്നത്. കുളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തൻറെ തലയുടെ പുറകിൽ ആരോ ശക്തിയായി അടിച്ചതിനെ തുടർന്ന് ഭർത്താവ് തിരിഞ്ഞു നോക്കിയപ്പോഴാണ് സമീപത്തായി മൃഗത്തെ കാണുന്നത്.
ഭയന്നുപോയ ദമ്പതികൾ അലറി കരയുകയും സഹായത്തിനായി ആളെ വിളിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ അടുത്തെങ്ങും ആരും ഇല്ലാത്തതിനാൽ ദമ്പതികളുടെ നിലവിളി ആരും കേട്ടില്ല. പിന്നീട് ധൈര്യം സംഭരിച്ച് ഇരുവരും പൂമയെ എങ്ങനെയെങ്കിലും തുരത്തിയോടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഇതിനായി അവർ പൂമയ്ക്ക് നേരെ ശക്തമായി വെള്ളം ചീറ്റിക്കുകയും കയ്യിലുണ്ടായിരുന്ന വെട്ടം പൂമയുടെ കണ്ണിലേക്ക് അടിക്കുകയും ചെയ്തു. ഒപ്പം ഉറക്കെ ശബ്ദം ഉണ്ടാക്കുകയും ചെയ്തു. ഏറെനേരം തങ്ങളെ തന്നെ നോക്കിനിന്നതിനു ശേഷം പൂമ പതിയെ സമീപത്തെ കാട്ടിലേക്ക് മറഞ്ഞതായാണ് ദമ്പതികൾ പറയുന്നത്.
ഉടൻതന്നെ ഇവർ തിരികെ വീട്ടിലെത്തുകയും വീട്ടുടമസ്ഥനെ വിളിച്ച് കാര്യം പറയുകയും ചെയ്തു. അപ്പോഴേക്കും തലയിലെ മുറിവിൽ നിന്നും രക്തം വാർന്നൊഴുകി ഭർത്താവ് അവശനിലയിൽ ആയിരുന്നു. പ്രാഥമിക ശുശ്രൂഷ നൽകിയതിനു ശേഷം ഭാര്യ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വീട്ടുടമസ്ഥൻ പൂമയെ പിടിക്കാനായി പലയിടങ്ങളിൽ കെണി സ്ഥാപിച്ചെങ്കിലും കിട്ടിയില്ല. അപ്പോഴേക്കും അത് കാട്ടിൽ എവിടെയോ മറഞ്ഞിരുന്നു. കൂടാതെ കനത്ത മഞ്ഞുവീഴ്ചയിൽ അതിന്റെ കാൽപ്പാട് ഉൾപ്പെടെ മറഞ്ഞുപോവുകയും ചെയ്തത് അതിനെ കണ്ടെത്തുന്നത് ദുഷ്കരമാക്കി.
പൂമ ധാരാളമായി കാണപ്പെടുന്ന പർവ്വതനിരയാണ് നാത്രോപ്പ്. 1990 മുതൽ ഇവിടെ പർവത സിംഹങ്ങളുടെ ആക്രമണത്തിൽ കുറഞ്ഞത് 27 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്.
Cougar surprise attack on couple while bathing in bathtub
