കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ അറ്റൻഡറെ സസ്പെന്‍ഡ് ചെയ്തു.

മെഡിക്കൽ കോളേജിലെ ഗ്രേഡ് 1 അറ്റൻഡർ ആയ വടകര സ്വദേശി ശശീന്ദ്രനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂപ്രണ്ട് അറിയിച്ചു. പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് നടപടി.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സർജിക്കൽ ഐസിയുവിലായിരുന്നു യുവതി. മറ്റു ജീവനക്കാർ ഇല്ലാതിരുന്ന നേരത്തായിരുന്നു പീഡനം.
ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ അർദ്ധ ബോധാവസ്ഥയിലായിരുന്ന യുവതിക്ക് ആ സമയത്ത് പ്രതികരിക്കാനായില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ആരോഗ്യ വകുപ്പും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ആഭ്യന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.
A young woman was sexually assaulted in Kozhikode Medical College; The accused attendant was suspended
