ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി കോട്ടയം ഉഴവൂർ കുറിച്ചിത്താനം തോട്ടം ശിവകരൻ നമ്പൂതിരിയെ (58) തിരഞ്ഞെടുത്തു.

ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് തോട്ടം ശിവകരൻ നമ്പൂതിരിക്ക് ശ്രീഗുരുവായൂരപ്പൻ്റെ മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്.
ഉച്ചപൂജ നിർവഹിച്ച ഓതിക്കൻ പി.എം ഭവദാസൻ നമ്പൂതിരിയാണ് നമസ്ക്കാര മണ്ഡപത്തിൽ വെച്ച് വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തത്. മേൽശാന്തി തെരഞ്ഞെടുപ്പിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 39 പേരിൽ 33 പേർ ഹാജരായി.
ഇവരിൽ നിന്നും യോഗ്യത നേടിയ 28 പേരു ടെ പേരുകൾ എഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ച ശേഷമാണ്നറുക്കിട്ടത്. തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാർച്ച് 31 ന് അടയാളചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേൽക്കും.
വലായ്മയായതിനാൽ നിലവിലെ ക്ഷേത്രം മേൽശാന്തി ഡോ.കിരൺ ആനന്ദ് നമ്പൂതിരിക്ക് ചടങ്ങിൽ പങ്കെടുക്കാനായില്ല. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ.ആർ ഗോപിനാഥ്, വി.ജി.രവീന്ദ്രൻ അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
Thottam Sivakaran Namboothiri Guruvayur Temple Melshanthi
