ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പെയിനിൻ്റെ ടീമായ ടാസ്‌മാനിയയും ക്വീൻസ്‌ലാൻഡും തമ്മിൽ നടന്ന ഷെഫീൽഡ് ഷീൽഡ് മത്സരത്തോടെ ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും അദ്ദേഹം വിരമിച്ചു.

38 വയസുകാരനായ താരം 2009ലാണ് ഓസീസിനായി അരങ്ങേറുന്നത്. 2018ൽ അന്നത്തെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്‌മിത്തിനെയും വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണറെയും പന്ത് ചുരണ്ടലിനു വിലക്കിയതോടെയാണ് പെയിൻ ദേശീയ ടീം ക്യാപ്റ്റനാവുന്നത്.
23 ടെസ്റ്റിലും അഞ്ച് ഏകദിനങ്ങളിലും പെയിൻ ഓസ്ട്രേലിയൻ ടീമിനെ നയിച്ചു. ടെസ്റ്റിൽ 11 മത്സരങ്ങൾ വിജയിച്ച പെയിന് പക്ഷേ, ഏകദിനങ്ങളിൽ ഒരു വിജയം പോലുമില്ല. 2021 നവംബറിൽ അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. 2017ൽ ടാസ്‌മാനിയൻ ടീമിൻ്റെ മുൻ റിസപ്ഷനിസ്റ്റിന് അശ്ലീല സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നായിരുന്നു ഇത്.
ഓസ്ട്രേലിയക്കായി 35 ടെസ്റ്റ് മത്സരങ്ങളിൽ പാഡണിഞ്ഞ പെയിൻ 32.66 ശരാശരിയിൽ 1535 നേടിയിട്ടുണ്ട്. 35 ഏകദിനങ്ങളിലും 12 ടി-20യിലും താരം ദേശീയ ടീമിൽ കളിച്ചു. യഥാക്രമം 890, 82 എന്നിങ്ങനെയാണ് ഈ ഫോർമാറ്റുകളിൽ പെയിൻ്റെ ആകെ സമ്പാദ്യം.
Tim Paine has retired from international cricket
