ഇടുക്കി: അടിമാലിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ അടിമാലി പോലീസ് കേസ് എടുത്തു. മർദ്ദനമേറ്റ വിനീതിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. അടിമാലി സ്വദേശി ജസ്റ്റിനും, കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് മർദ്ദിച്ചുവെന്നാണ് വിനീതിന്റെ മൊഴി.

പട്ടിക ജാതി - പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ജസ്റ്റിനും കൂട്ടാളിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. വിനീതിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ പട്ടിക ജാതി - പട്ടിക വർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
അടിമാലി മഹദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചുള്ള പള്ളിവേട്ടക്കിടെയാണ് ആദിവാസിയായ വിനീതിനെ അടിമാലി മന്നാംകാല സ്വദേശിയായ ജസ്റ്റിൻ മർദ്ദിച്ചത്. ചെണ്ടമേളത്തിനിടെ ഇരുവരും തമ്മിൽ മദ്യ ലഹരിയിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
മർദ്ദനം ഭയന്ന് ബീനിഷ് ക്ഷേത്രത്തിനുള്ളിലേയ്ക്ക് ഓടിക്കറി. ഇയാളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിനും സംഘവും എത്തിയതോടെ ക്ഷേത്ര മുറ്റത്ത് വീണ്ടും സംഘർഷമുണ്ടായി. മദ്യ ലഹരിയിൽ ആദിവാസി യുവാവ് കത്തി വീശുകയും ചെയ്തു.
ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ജസ്റ്റിനൊപ്പമുണ്ടായിരുന്ന സഞ്ജുവും വിനീതിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ക്ഷേത്രാചാര പ്രകാരം ചടങ്ങുകൾ തടസ്സപ്പെടുത്തിയെന്ന ഭാരവാഹികളുടെ പരാതിയിൽ ജസ്റ്റിൻ, സജീവൻ, സഞ്ജു എന്നിവരെ പൊലീസ് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തു.
എന്നാൽ ആദിവാസി യുവാവിനെ മർദ്ദിച്ചതിൽ പോലീസ് കേസെടുത്തില്ല. സംഭവത്തിനു ശേഷം ക്ഷേത്ര ഭാരവാഹികൾ വിനീതിനെ പോലീസിലേൽപ്പിച്ചിരുന്നു. പരാതിയില്ലെന്ന് അറിയിച്ചതിനാലാണ് കേസെടുക്കാഞ്ഞതെന്നാണ് പോലീസ് പറയുന്നത്.
മർദ്ദനത്തിൻറെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ഏഴു ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും അടിമാലി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർക്കും പട്ടിക ജാതി - പട്ടിക വർഗ്ഗ കമ്മീഷൻ നിർദ്ദേശം നൽകിയത്.
സംഭവത്തിനു ശേഷം വനത്തിനുള്ളിൽ വിനീത് ജോലിക്ക് പോയതിനാൽ സംഭവം വിവാദമായപ്പോൾ പൊലീസിന് ഉടനടി മൊഴി രേഖപ്പെടുത്തി കേസെടുക്കാനും സാധിച്ചില്ല.
A case has been registered by the police in the incident of beating up a tribal youth in Adimali
