നെടുമങ്ങാട്: മദ്യപിച്ചു വാഹനം ഓടിച്ചതിനു പോലീസ് പിടികൂടിയ യുവാവ് വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോൾ പോലീസിനെ വെട്ടിച്ച് ഓടിപ്പോയി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച യുവാവാണ് ആശുപത്രിയിൽനിന്ന് അരുവിക്കര പോലീസിനെ വെട്ടിച്ച് ഓടിപ്പോയത്.

വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. അരുവിക്കര ഡാം പരിസരത്തുള്ള റോഡിൽവെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. മദ്യപിച്ചു വാഹനം ഓടിച്ചതിന് കേസ് രജിസ്റ്റർ ചെയ്യാൻ വൈദ്യപരിശോധന നടത്താൻ ഒരു എസ്ഐയും പോലീസുകാരനും ചേർന്നാണ് ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
രക്തപരിശോധനയ്ക്കു ശേഷം നെഞ്ചുവേദനയുണ്ടെന്ന് ഡോക്ടറെ അറിയിച്ച ഇയാളെ ഇസിജി എടുക്കാൻ കൊണ്ടുപോകുമ്പോഴാണ് പോലീസിനെ വെട്ടിച്ചു പുറത്തേക്ക് ഓടിപ്പോയത്. പോലീസുകാരും നാട്ടുകാരും ഇയാളുടെ പുറകെ ഓടിയെങ്കിലും പിടിക്കാനായില്ല.
ആശുപത്രിക്ക് പുറത്തിറങ്ങി പ്രധാന റോഡിലൂടെ ഓടി ഇടറോഡിൽ കയറി അന്താരാഷ്ട്ര മാർക്കറ്റ് ഭാഗത്തേക്കു പോയി. പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുന്നു.
Arrested drunk driving youth flees after being taken medical examination
