അരൂർ : ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി അപകടമുണ്ടായി. ആർക്കും പരിക്കില്ല. പൊന്നാംവെളി മാളികക്കൽ വിഷ്ണു (22) ആണ് കാർ ഓടിച്ചിരുന്നത്. ഇന്നലെ രാവിലെ ഏഴ് മണിക്കായിരുന്നു അപകടം.

വിഷ്ണുവിന്റെ സഹോദരി ചന്തിരൂർ പനക്കപറമ്പിൽ രാധികയുടെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഫയർഫോഴ്സ് എത്തുമ്പോഴേക്കും സമീപത്തെ ഹോട്ടലിൽ നിന്ന് രണ്ട് ഫയർ എക്സ് ക്രൂസർ കൊണ്ടുവന്ന് ഡ്രൈവറായ ജയൻ തീ അണച്ചു.
കാറിൽ നിന്ന് പുക വരുന്നതു കണ്ട് നാട്ടുകാരും ബൈക്ക് യാത്രികരും ബഹളം ഉണ്ടാക്കിയെങ്കിലും വിഷ്ണു ശ്രദ്ധിക്കാതെ വാഹനം ഓടിച്ച് പോരുകയായിരുന്നു. സഹോദരിയുടെ വീടിന് സമീപമുള്ള യു ടേണിൽ എത്തിയപ്പോഴാണ് അപകടം മനസ്സിലാക്കിയത്.
ഉടൻ തന്നെ ബ്രേക്ക് ഇടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഹാന്റ് ബ്രേക്ക് വലിച്ചിട്ട് ചാടി ഇറങ്ങിയത് വിഷ്ണുവിന് അപകടം ഒന്നും ഉണ്ടാകാതെ രക്ഷപെടാൻ കഴിഞ്ഞു. ചന്തിരൂർ പാലം മുതൽ കാർ പുകഞ്ഞുകൊണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.
അപകടത്തിന്റെ ഞെട്ടൽ വിട്ടു മാറാതെ വിഷ്ണു സഹോദരിയുടെ വീട്ടിലേക്ക് പോയി. സഹോദരിയുമായി തൃശ്ശൂരിലേക്ക് പോകുന്നതിനായി എത്തിയതായിരുന്നു ഇയാൾ.
Car burning in Arur; No one is hurt
