കോഴിക്കോട്: 61ാ മത് കേരള സ്കൂൾ കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസിൽ മികച്ച പ്രകടനവുമായി തൃശ്ശൂർ. തൃശ്ശൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളാണ് മഹാനായ ഹരിശ്ചന്ദ്രൻ മഹാദേവന്റെ കഥയെ ആസ്പദമാക്കി വേദിയെ പുളകം കൊള്ളിച്ചത്.
ഹയർസെക്കൻഡറി വിഭാഗം ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ സത്യമേവ ജയതേ എന്ന ശീർഷകത്തെ ആസ്പദമാക്കിയായിരുന്നു പരിപാടി. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷവും പരിപാടിയുടെ ഇതിവൃത്തമായിരുന്നു. ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ ഒരു വേളയിൽ സ്വാതന്ത്ര്യം എത്രത്തോളം അമൃതമാണെന്ന് പ്രതീകവും നടനത്തിൽ ആവാഹിച്ചു.
സാഹോദര്യവും, സൗഹൃദവും കരുതലുമുള്ള ഇന്ത്യയെ എങ്ങനെയാണോ ഹരിശ്ചന്ദ്ര മഹാദേവൻ സ്വപ്നം കണ്ടത് അതേപോലെയുള്ള ഒരു ഇന്ത്യയാണ് എന്നും നമുക്ക് വേണ്ടത് എന്ന ഒരു പശ്ചാത്തലം കൂടി അടങ്ങിയതായിരുന്നു ഗ്രൂപ്പ് ഡാൻസ്.
അനന്യയായിരുന്നു ടീം ലീഡർ, കൂടെ 6 നർത്തകിമാരും. അനന്യയെ കൂടാതെ ശ്രീ ഗോപിക, ഗൗരി, അനുജ, ജിസ്മി, കസാന്ട്ര,എയ്ഞ്ചൽ പങ്കെടുത്തു. ഗ്രൂപ്പ് ഡാൻസിനു ശേഷം സദസ്സിൽ നിന്നുള്ള പിന്തുണയും ആവേശവും തന്നെ ആഹ്ലാദഭരിതയാക്കിയെന്ന് പരിപാടിക്ക് ശേഷം അനന്യ പറഞ്ഞു. 35 വർഷത്തെ നീണ്ട പാരമ്പര്യമുള്ള ജോബ് കെ ലോനപ്പനാണ് ഗുരു.
പ്രിൻസിപ്പൽ പ്രസന്നയുടെ അകമഴിഞ്ഞ പിന്തുണയും എടുത്തു പറയേണ്ടതാണ്. കോഴിക്കോട്ടുകാരുടെ ആതിഥേയ മനോഭാവത്തിൽ മനം കൊള്ളുകയാണ് തൃശ്ശൂരിലെ സേക്രഡ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികൾ.
സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തു എന്നത് തന്നെ വലിയ ഭാഗ്യമായിട്ടാണ് ഈ വിദ്യാർത്ഥിനികൾ കാണുന്നത്. സ്ഥാനമോ, ഗ്രേഡോ അല്ല മറിച്ച് സംസ്ഥാന കലോത്സവത്തിനായി കോഴിക്കോട്ടേക്ക് വന്നു പങ്കെടുത്തു എന്നതിലാണ് ഇവരുടെ ആത്മനിർവൃതി.
Thrissur performed well in group dance at the 61st Kerala School Arts Festival.