കോഴിക്കോട് : നാദാപുരത്ത് കാസര്‍കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ. യുവാവിനൊപ്പം കാറില്‍ സഞ്ചരിച്ച കണ്ണൂര്‍ കേളകം സ്വദേശി സമീഷാണ്(27) അറസ്റ്റിലായത്.

ശനിയാഴ്ചയാണ് നാദാപുരം നരിക്കാട്ടേരി കനാൽ പാലത്തിനു സമീപം കാറിൽനിന്നു വീണ നിലയിൽ കാസർകോട് ചെറുവത്തൂർ സ്വദേശി ശ്രീജിത്തിനെ കണ്ടത്. തൊട്ടടുത്ത ദിവസം ശ്രീജിത്ത് മരിച്ചു.
സിസിടിവിയില്‍ അപകടസ്ഥലത്തുനിന്ന് ഒരാള്‍ ഓടിപ്പോകുന്നതു കണ്ടതാണു നിര്‍ണായകമായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനാണു ശ്രീജിത്ത് ഇയാള്‍ക്കൊപ്പം നാദാപുരത്ത് എത്തിയതെന്നാണു സൂചന.
കണ്ണൂര്‍ സ്വദേശി കാര്‍ പിന്നോട്ടെടുത്തപ്പോള്‍ പിന്നില്‍ നില്‍ക്കുകയായിരുന്ന ശ്രീജിത്ത് കാറിനടിയില്‍പ്പെട്ടെന്നാണു നിഗമനം. ഇതോടെ കാര്‍ ഉപേക്ഷിച്ചു കടന്ന സുഹൃത്ത് യുവതിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞു.
ഇവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതോടെയാണ് ശ്രീജിത്തിനൊപ്പമുണ്ടായിരുന്നത് കണ്ണൂര്‍ സ്വദേശിയാണെന്നു മനസിലായത്. തനിക്ക് അബദ്ധം പറ്റിയെന്നും അപകടത്തില്‍പ്പെട്ട കാര്‍ പിന്നോട്ടെടുക്കുമ്പോള്‍ ശ്രീജിത്തിന്റെ ദേഹത്തുകൂടി കാര്‍ കയറി ഇറങ്ങിയെന്നുമാണ് ഇയാള്‍ യുവതിയെ ഫോണില്‍ അറിയിച്ചതെന്നാണു മൊഴി.
എന്നാല്‍ യുവതിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണു പൊലീസ് കണ്ടെത്തല്‍. അതേസമയം, ശ്രീജിത്തിന്റെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
Death of Sreejith; A native of Kannur was arrested