'ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ, വിശ്വസിക്കാൻ സാധിക്കുന്നില്ല' - കോടിയേരിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് പിണറായി

'ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ, വിശ്വസിക്കാൻ സാധിക്കുന്നില്ല' - കോടിയേരിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് പിണറായി
Oct 1, 2022 10:07 PM | By Vyshnavy Rajan

തിരുവനന്തപുരം : മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ, വിശ്വസിക്കാൻ സാധിക്കുന്നില്ല' - കോടിയേരിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പാണ് മുഖ്യമന്ത്രി പിണറായി പങ്കുവെച്ചിരിക്കുന്നത്.

കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗം പാര്‍ട്ടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമാണ്. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂര്‍വ്വം നല്‍കിയ കോടിയേരിയുടെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി കുറിച്ചു.


മുഖ്യമന്ത്രിയുടെ കുറുപ്പിന്റെ പൂർണ്ണരൂപം


സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞു എന്നു വിശ്വസിക്കാൻ സാധിക്കുന്നില്ല. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ. അസുഖത്തിൻ്റെ യാതനകൾ തീവ്രമായിരുന്ന നാളുകളിലും പാർട്ടിയെക്കുറിച്ചുള്ള കരുതൽ എല്ലാത്തിനും മേലെ മനസ്സിൽ സൂക്ഷിച്ച നേതാവാണ് ബാലകൃഷ്ണൻ.

പാർട്ടിയെക്കുറിച്ചും പാർട്ടി നേരിടുന്ന ആക്രമണങ്ങളെ ചെറുക്കേണ്ടതിനെക്കുറിച്ചും പാർട്ടിയെ സർവ്വവിധത്തിലും ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചും ഒക്കെയുള്ള ചിന്തകൾ ആയിരുന്ന അവസാന നാളുകളിലും ബാലകൃഷ്ണനുണ്ടായിരുന്നത്. തനിക്കു ചുമതലകൾ പൂർണ്ണ തോതിൽ നിർവ്വഹിക്കാനാവില്ല എന്ന് വന്നപ്പോൾ പാർട്ടിക്കു വേണ്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിൽക്കാൻ സ്വയം സന്നദ്ധനായി മുന്നോട്ടു വരിക മാത്രമല്ല, അതിനു നിർബന്ധം പിടിക്കുക കൂടിയായിരുന്നു.

അസുഖം തളർത്തിയ ഘട്ടത്തിലും ഏതാനും നാൾ മുമ്പ് വരെ പാർട്ടി ഓഫീസ്സായ എ.കെ.ജി. സെൻ്ററിൽ എത്തി പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുകയും പാർട്ടിയുടെ നയപരവും സംഘടനാപരവുമായ കാര്യങ്ങൾക്കു ചുക്കാൻ പിടിക്കുകയും ചെയ്തു. ശരീരികമായ കടുത്ത വൈഷമ്യങ്ങൾ സഹിച്ചും അതിജീവിച്ചും പാർട്ടിക്കുവേണ്ടി സഖാവ് സ്വയം അർപ്പിക്കുകയായിരുന്നു.


അസാധാരണമായ മനക്കരുത്തോടെയാണ് ആദ്യഘട്ടം മുതലേ രോഗത്തെ നേരിട്ടത്. 'കരഞ്ഞിരുന്നാൽ മതിയോ നേരിടുകയല്ലേ നിവൃത്തിയുള്ളു' എന്നാണ് വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിനു മറുപടിയായി രോഗത്തെക്കുറിച്ച് പറഞ്ഞത്. ഏതു വെല്ലുവിളിയേയും ധൈര്യസമേതം നേരിടുക എന്നതായിരുന്നു സഖാവിൻ്റെ രീതി. രോഗത്തിനു മുമ്പിലും രാഷ്ട്രീയ വെല്ലുവിളിയുടെ മുമ്പിലും ഒരുപോലെ നെഞ്ചു വിരിച്ചു പൊരുതിയ ജീവിതമാണത്.

ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ തന്നെ ബാലകൃഷ്ണൻ സജീവമായി വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നടത്തുകയും നാട്ടിലെ എല്ലാ വിഷയങ്ങളിലും ഊർജ്ജസ്വലമായി ഇടപെടുകയും ചെയ്തു. സൗമ്യതയും ധീരതയും ആശയദാർഢ്യവും സമന്വയിച്ചതായിരുന്നു തുടക്കം മുതൽ തന്നെ ആ രാഷ്ട്രീയ ജീവിതം. തലശ്ശേരി കലാപകാലത്ത് മതസൗഹാർദ്ദം കാത്തു സൂക്ഷിക്കാൻ നിസ്വാർഥതയോടെ കർമ്മപഥത്തിൽ ഇറങ്ങിയ കമ്മ്യൂണിസ്റ്റുകാരുടെ മുന്നണിയിൽ തന്നെ ബാലകൃഷ്ണൻ ഉണ്ടായിരുന്നു.

1973-ലാണ് എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷണൻ കടന്നുവരുന്നത്. എസ്.എഫ്.ഐ. ചരിത്രത്തിലേറ്റവും കഠിനമായ പീഡനങ്ങളും രൂക്ഷമായ വേട്ടയാടലുകളും നേരിട്ട കാലമായിരുന്നു അത്. സ്വാതന്ത്ര്യവും ജനാധിപത്യവുമെല്ലാം റദ്ദായ ആ പ്രതികൂല സാഹചര്യത്തിലും ഗ്രാമാന്തരങ്ങളിൽ വരെ ചെന്ന് സജീവ സംഘടനാ ശക്തിയാക്കി എസ്.എഫ്.ഐയെ മാറ്റുന്നതിന് കോടിയേരിയുടെ നേതൃത്വത്തിനു കഴിഞ്ഞു.

വിദ്യാർത്ഥി പ്രസ്ഥാനം പുരോഗമന വിപ്ലവ പ്രസ്ഥാനത്തിനു നൽകിയ വിലപ്പെട്ട സംഭാവനയാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ. പാർട്ടി കാര്യങ്ങളിൽ കാർക്കശ്യവും വ്യക്തതയും ഒരുപോലെ ഇടകലർന്ന സമീപനമാണ് എക്കാലത്തും ബാലകൃഷ്ണൻ ഉയർത്തിപ്പിടിച്ചത്. സംഘടനാ കാര്യങ്ങൾ ആയാലും ആശയപരമായ പ്രശ്നങ്ങൾ ആയാലും വ്യക്തതയോടെ ഇടപെടാനും സഖാക്കളെ ശരിയായ ബോധത്തിലേക്ക് നയിക്കാനും വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലത്തു തന്നെ സാധിച്ചിരുന്നു.

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചയുടൻ തന്നെ തലശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടന്നത് കോടിയേരിയുടെ കൂടി നേതൃത്വത്തിലാണ്. അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് അതിക്രൂരമായ മർദ്ദനമാണ് ലോക്കപ്പിൽ ഏൽക്കേണ്ടിവന്നത്. ഒരേ സമയത്താണ് ഞങ്ങൾ ഇരുവരെയും അറസ്റ്റ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ എട്ടാം ബ്ലോക്കിൽ തൊട്ടടുത്തുള്ള സിമൻ്റു കട്ടിലുകളിലായിരുന്നു കിടത്തം.

പൊലീസ് മർദ്ദനമേറ്റ് അവശനിലയിലായിരുന്നു ഞാൻ. ആ അവസ്ഥയിൽ സഹോദരൻ്റെ കരുതലോടെ ബാലകൃഷ്ണൻ എന്നെ സഹായിച്ചു. സഖാക്കൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അർത്ഥവും വെളിപ്പെടുത്തിയ അനുഭവമായിരുന്നു അത്. ഇമ്പിച്ചിബാബ, വി.വി. ദക്ഷിണാമൂർത്തി, എം.പി. വീരേന്ദ്ര കുമാർ, ബാഫക്കി തങ്ങൾ, തുടങ്ങിയവരും അന്ന് ജയിലിൽ ഒപ്പം ഉണ്ടായിരുന്നുവെന്ന് ഓർക്കുന്നു.

ജയിൽ ദിനങ്ങൾ പഠനത്തിന്റെ ദിനങ്ങളായിക്കൂടി കോടിയേരി മാറ്റി. അതുല്യ സംഘാടകനായ സഖാവ് സി എച്ച് കണാരൻ്റെ നാട്ടിൽ നിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലഭിച്ച അമൂല്യ നേതൃത്വമാണ് കോടിയേരി ബാലകൃഷ്ണൻ്റേത് എന്ന് നിസ്സംശയം പറയാം. അത് തന്നെയാണ് ചെറിയ പ്രായത്തിൽ തന്നെ സി.പി.ഐ.എമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി ബാലകൃഷ്ണനെ ഉയർത്തിയ ഘടകവും.

1990-95 ഘട്ടത്തിൽ സി.പി.ഐ.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ കോടിയേരി ജില്ലയിലെ പാർട്ടിയെ നയിച്ചത് പ്രക്ഷുബ്ധമായ പ്രശ്‌നങ്ങളെ അതിജീവിച്ചാണ്. കൂത്തുപറമ്പ് വെടിവെപ്പ്, കെ.വി. സുധീഷിന്റെ കൊലപാതകം തുടങ്ങിയവയൊക്കെ കാരണം സംഭവ ബഹുലമായ ആ കാലത്തെ ഭീഷണികളെയും വെല്ലുവിളികളെയും ചെറുത്ത് പാർട്ടിയെ ശക്തമാക്കി നിലനിർത്തുന്നതിൽ സെക്രട്ടറി എന്ന നിലയിൽ കോടിയേരി വഹിച്ച നേതൃത്വപരമായ പങ്ക് പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്ന നിലയിലേക്ക് ഉയർന്നപ്പോൾ കേരളത്തിലെ പാർട്ടിയുടെ ആകെ കാര്യങ്ങൾ ശ്രദ്ധിക്കാനും സംസ്ഥാനത്താകെയുള്ള പാർട്ടി സഖാക്കൾക്ക് ഒരുപോലെ പ്രിയങ്കരനാകാനും ബാലകൃഷ്ണന് ഏറെ സമയം വേണ്ടിവന്നില്ല. സംഘടനാ തലത്തിലായാലും നിയമസഭയിലായാലും മന്ത്രി എന്ന നിലയിൽ ഭരണ നേതൃത്വത്തിലായാലും മികച്ച രീതിയിൽ ഇടപെടാനും അംഗീകാരം പിടിച്ചു പറ്റാനും കഴിഞ്ഞു.

1982 ൽ തലശ്ശേരിയിൽ നിന്നാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. 1987 ലും 2001 ലും 2006 ലും 2011 ലും അതേ മണ്ഡലത്തിൽ നിന്നുതന്നെ ജയിച്ചെത്തി. 2006-11 ഘട്ടത്തിൽ അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ജനമൈത്രി പോലുള്ള ജനസൗഹൃദ പോലീസിംഗ് സംസ്‌കാരം ഇവിടെ ഫലപ്രദമായി നടപ്പാക്കാൻ ആരംഭിക്കുന്നത്. പോലീസിന് ജനകീയ മുഖം നൽകാനും അദ്ദേഹം കാര്യമായി ശ്രദ്ധിച്ചു.

പ്രതിപക്ഷ ഉപനേതാവായിരിക്കെ ഭരണത്തിലെ അഴിമതികളും അരുതായ്മകളും തുറന്നു കാട്ടുന്നതിൽ ശ്രദ്ധേയമായ മികവാണ് പുലർത്തിയത്. ഭരണപ്രതിപക്ഷ ബഞ്ചുകളിലായി ശ്രദ്ധേയനായ പാർലമെന്റേറിയൻ എന്ന വ്യക്തിത്വം അദ്ദേഹം നേടിയെടുത്തു. ജനങ്ങളുടെ പ്രശ്നങ്ങൾ സഭാവേദിയിൽ അവതരിപ്പിക്കുന്നതിലും അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് സർക്കാരുകളെ നിർബന്ധിക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തി.


സങ്കീർണ്ണമായ രാഷ്ട്രീയ പ്രശ്‌നങ്ങൾ സഭാവേദിയിൽ ഉയർത്തുന്നതിലും പ്രസംഗത്തിലൂടെയും ഇടപെടലിലൂടെയും സൃഷ്ടിക്കുന്ന ചിന്തയുടെ തെളിമകൊണ്ട് എന്തിനും പരിഹാരം കണ്ടെത്തുന്നതിലും മാതൃകയായി. ആഭ്യന്തര വകുപ്പിൽ മാത്രമല്ല, ഒപ്പം ഉണ്ടായിരുന്ന ടൂറിസത്തിൽ അടക്കം ഊർജ്ജസ്വലങ്ങളായ ചലനങ്ങൾ ഉണർത്തുന്നതായി അദ്ദേഹത്തിന്റെ ഭരണഘട്ടം. മികവുറ്റ ഭരണാധികാരി എന്ന വിശേഷണം ചുരുങ്ങിയ നാളുകൾകൊണ്ടുതന്നെ അദ്ദേഹത്തിന് കേരള ജനത നൽകി.

പാർട്ടി അനേകം വെല്ലുവിളികളും പ്രശ്നങ്ങളും നേരിടുന്ന ഘട്ടത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റംഗം, സെക്രട്ടറി എന്നീ നിലകളിൽ ബാലകൃഷ്‌ണൻ പ്രവർത്തിച്ചത്. അത്തരം പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ശാന്തമായി ഇടപെടാനും പരിഹാരം കണ്ടെത്താനും അസാമാന്യമായ ശേഷിയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പാർട്ടി ശത്രുക്കളോട് കർക്കശമായ നിലപാട് സ്വീകരിക്കുമ്പോൾ തന്നെ പൊതുവായ കാര്യങ്ങളിൽ സംയമനത്തോടെയും സൗമനസ്യത്തോടെയും ഇടപെടുന്ന ശീലം ബാലകൃഷ്ണൻ എന്നും മുറുകെപ്പിടിച്ചു.

എല്ലാവരോടും സൗഹാർദ്ദപൂർവ്വം പെരുമാറിക്കൊണ്ടുതന്നെ പാർട്ടിയുടെ നിലപാടുകളിൽ നിന്ന് അണുവിട വ്യതിചലിക്കാരിക്കാൻ നിർബന്ധ ബുദ്ധി കാണിച്ചു. സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം ചരിത്രം സൃഷ്ടിച്ചുകൊണ്ട് തുടർച്ചയായി രണ്ടാം വട്ടവും അധികാരത്തിലെത്തുന്നത് സാധ്യമാക്കുംവിധം പാർട്ടിയെയാകെ സജ്ജവും കാര്യക്ഷമവുമാക്കിയെടുക്കുന്നതിൽ കോടിയേരി സുപ്രധാന പങ്കാണ് വഹിച്ചത്.


സമരങ്ങളുടെ തീച്ചൂളകൾ കടന്ന് പാർട്ടി നേതൃത്വത്തിലേക്ക് കടന്നുവന്നതാണ് ആ ജീവിതം. വിദ്യാഭ്യാസ കാലം തൊട്ടിങ്ങോട്ട് എണ്ണമറ്റ പോരാട്ടങ്ങൾ, അറസ്റ്റുകൾ, ലോക്കപ്പ് മർദ്ദനങ്ങൾ, തടവറവാസങ്ങൾ, തുടങ്ങി എന്തെല്ലാം. ജിവിതം തന്നെ പാർട്ടിക്കു വേണ്ടി അർപ്പിച്ച സമുന്നതനേതാക്കളുടെ നിരയിലാണ് കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനം.

ചാഞ്ചല്യമില്ലാത്ത പ്രത്യയശാസ്ത്രബോധ്യം, വിട്ടുവീഴ്ചയില്ലാത്ത പാർട്ടിക്കൂറ്, കൂട്ടായ പ്രവർത്തനത്തിനുള്ള മനഃസന്നദ്ധത, എണ്ണയിട്ട യന്ത്രം എന്നതുപോലെ പാർട്ടി സംഘടനയെ സദാ തയ്യാറാക്കിനിർത്തുന്നതിലുള്ള നിഷ്‌ക്കർഷ എന്നിവയൊക്കെ പുതിയ തലമുറക്കു മാതൃകയാകും വിധം കോടിയേരിയിൽ തിളങ്ങി നിന്നു. ഒരുമിച്ച് പ്രവർത്തിച്ചവരാണ് ഞങ്ങൾ. സഹോദരൻ നഷ്ടപ്പെടുന്ന വേദന വിവരണാതീതമാണ്.

രോഗം ബാധിച്ചപ്പോൾ സാധ്യമായ എല്ലാ ചികിത്സയും നൽകണമെന്നത് ഞങ്ങളുടെ എല്ലാം നിർബന്ധമായിരുന്നു. എന്നാൽ വളരെ വേഗം തന്നെ ചികിത്സ ഫലിക്കാത്ത തരത്തിലേക്ക് അസുഖം വളരുകയായിരുന്നു. സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചത് പൊടുന്നനെ സംഭവിച്ചിരിക്കുന്നു. പക്ഷേ, സഖാവ് കോടിയേരിക്ക് മരിക്കാനാവില്ല - ഈ നാടിൻ്റെ, നമ്മുടെയാകെ ഹൃദയങ്ങളിൽ ആ സ്നേഹസാന്നിധ്യം എന്നുമുണ്ടാകും.

പാർട്ടിയെ ഇന്നുകാണുന്ന വിധത്തിൽ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകൾ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂർവ്വം നൽകിയ സഖാവ് കോടിയേരി ബാലകൃഷണൻ്റെ ഉജ്ജ്വലസ്മരണക്കു മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു.

'We have walked the same path together, I can't believe it' - Pinarayi shares a touching note on Kodiyeri's demise

Next TV

Related Stories
#Thrissurpooram|പൊലീസുമായി തർക്കം :തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു

Apr 20, 2024 06:05 AM

#Thrissurpooram|പൊലീസുമായി തർക്കം :തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു

പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം...

Read More >>
#fakebomb | നാദാപുരത്ത് കുളം കുഴിക്കാൻ മണ്ണെടുത്തപ്പോൾ സ്റ്റീൽ കണ്ടെയ്നർ; ‘നിർവീര്യമാക്കാൻ’ പൊലീസും എത്തി

Apr 19, 2024 11:05 PM

#fakebomb | നാദാപുരത്ത് കുളം കുഴിക്കാൻ മണ്ണെടുത്തപ്പോൾ സ്റ്റീൽ കണ്ടെയ്നർ; ‘നിർവീര്യമാക്കാൻ’ പൊലീസും എത്തി

സ്റ്റീൽ കണ്ടെയ്നർ കസ്റ്റഡിയിലെടുത്ത് ചേലക്കാട് ക്വാറിയിൽ നിർവീര്യമാക്കുന്നതിനിടെയാണ് കണ്ടെയ്നറിൽ ടാറും കരിങ്കൽ ചീളുകളും നിറച്ച്...

Read More >>
#Treefell | കോഴിക്കോട് സ്കൂട്ടറിൽ വന്ന യാത്രികന്റെ ദേഹത്തേക്ക്; മരം കടപുഴകി വീണു, ഗുരുതര പരിക്ക്

Apr 19, 2024 10:53 PM

#Treefell | കോഴിക്കോട് സ്കൂട്ടറിൽ വന്ന യാത്രികന്റെ ദേഹത്തേക്ക്; മരം കടപുഴകി വീണു, ഗുരുതര പരിക്ക്

സ്‌കൂട്ടറും അഷ്‌റഫും മരത്തിനടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ആറുമാസം മന്‍പ് ഇതിന് സമീപം തന്നെ നന്‍മണ്ട അമ്പലപ്പൊയില്‍ എന്ന സ്ഥലത്ത് സമാന...

Read More >>
#DYFI | വോട്ടര്‍മാര്‍ക്ക് പണം നൽകാനെത്തിയതെന്ന് ആരോപണം: വ്യവസായി ബിജു രമേശിനെ തടഞ്ഞ് ഡിവൈഎഫ്ഐ

Apr 19, 2024 10:24 PM

#DYFI | വോട്ടര്‍മാര്‍ക്ക് പണം നൽകാനെത്തിയതെന്ന് ആരോപണം: വ്യവസായി ബിജു രമേശിനെ തടഞ്ഞ് ഡിവൈഎഫ്ഐ

മുൻപ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റ് കോഴ വിവാദത്തിൽ കെഎം മാണിയെ പ്രതിക്കൂട്ടിലാക്കിയത് ഇദ്ദേഹത്തിന്റെ ആരോപണങ്ങളായിരുന്നു. രാജധാനി...

Read More >>
#KaapaAct | കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; രണ്ട് പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

Apr 19, 2024 10:07 PM

#KaapaAct | കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; രണ്ട് പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

സുധീഷ് നിരവധി മയക്കുമരുന്ന്, അടിപിടി കേസുകളിലും മുഹമ്മദ് കാസിം കൊലപാതകശ്രമം, കവർച്ച തുടങ്ങിയ കേസുകളിലും...

Read More >>
#NimishaPriyaCase | നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ സഹായം പോലും ചെയ്തില്ലെന്ന് അഭിഭാഷകന്‍

Apr 19, 2024 09:56 PM

#NimishaPriyaCase | നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ സഹായം പോലും ചെയ്തില്ലെന്ന് അഭിഭാഷകന്‍

എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ബ്ലഡ് മണി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രം കോടതിയില്‍...

Read More >>
Top Stories