Jun 27, 2022 11:09 AM

കാസർഗോഡ് : പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിനെ ബന്തിയോടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

കാറിൽ ആശുപത്രിയിലെത്തിയ സംഘത്തിൽ രണ്ടു പേരാണുള്ളതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അതേ സമയം, കൊലപാതകത്തിന് പിന്നിൽ പത്തംഗ സംഘമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൈവളിഗയിലെ സംഘമാണ് സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് തിരിച്ചറിഞ്ഞു.

കേസിൽ ഇതുവരെ രണ്ട് പേരാണ് കസ്റ്റഡിയിലുള്ളത്. സിദ്ദിഖിന്റെ സുഹൃത്തും മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച സംഘം ഉപയോഗിച്ച വാഹനത്തിന്റെ ഉടമയുമാണ് പിടിയിലായത്. കൊലപാതകത്തിന് നേതൃത്വം നൽകിയത് മൂന്നംഗ സംഘമാണെന്നും പൊലീസ് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. റയീസ്, നൂർഷ, ഷാഫി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അവശനിലയിലായ സിദ്ദിഖിനെ ഇന്നലെരാത്രിയോടെ ബന്ദിയോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സംഘം കടന്നുകളയുകയായിരുന്നു.

രണ്ട് ദിവസം മുമ്പ് സിദീഖിന്റെ സഹോദരൻ അൻവർ, ബന്ധു അൻസാർ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ട് പോയിരുന്നു. ഇവരെ ഉപയോഗിച്ച് സിദീഖിനെ വിളിച്ചു വരുത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ അൻവർ, അൻസാർ എന്നിവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Kasargod expat murder case; Critical CCTV footage out

Next TV

Top Stories