(truevisionnews.com) അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് കമ്പനിക്ക് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ അനുമതി. രാജ്യത്ത് സ്റ്റാർലിങ്കിന്റെ സേവനങ്ങൾക്കായി കാത്തിരുന്നവർക്ക് സന്തോഷം നൽകുന്ന വാർത്തയാണിത്. ടെലികോം മന്ത്രാലയത്തിൽ നിന്ന് സ്റ്റാർലിങ്കിന് ഔദ്യോഗികമായി ലൈസൻസ് ലഭിച്ചതായി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് അറിയിച്ചത്.
ഇനി സ്റ്റാർലിങ്കിന് ഇന്ത്യയിൽ സേവനം ആരംഭിക്കുന്നതിന് സാങ്കേതികമായ തടസ്സങ്ങളൊന്നും ഉണ്ടാകില്ല. സ്‌പെക്‌ട്രം അനുവദിക്കുന്നതിനുള്ള നയ ചട്ടക്കൂടിനും സർക്കാർ അന്തിമരൂപം നൽകിയിട്ടുണ്ട്. ഗ്രാമങ്ങളിലും, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള വിദൂര പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിൽ സ്റ്റാർലിങ്കിന്റെ വരവ് ഒരു വലിയ കാൽവയ്പ്പായിരിക്കും.
.gif)

നേരത്തെ, 2021-ൽ സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തനാനുമതിക്കായി അപേക്ഷിച്ചിരുന്നെങ്കിലും, സ്‌പെക്‌ട്രം അനുവദിക്കുന്നതിലും മറ്റ് നിയന്ത്രണങ്ങളിലും കാലതാമസം നേരിട്ടിരുന്നു. മാസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഭാരതി ഗ്രൂപ്പിന്റെ വൺവെബ്, ജിയോ എസ്ഇഎസ് തുടങ്ങിയ കമ്പനികളും സമാനമായ സേവനങ്ങൾക്കായി കാത്തിരിക്കുകയാണ്.
കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ ഡിജിറ്റൽ രംഗത്ത് വലിയ മുന്നേറ്റമാണുണ്ടായതെന്നും, സാങ്കേതികവിദ്യയുടെ ലഭ്യത ഇന്ത്യയെ ഒരു ആഗോള ശക്തിയായി മാറ്റിയെന്നും മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടു.
Elon Musks Starlink gets official license for satellite internet service in India
