( www.truevisionnews.com ) കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനുകീഴിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ സർക്കാർ നഴ്‌സിങ് കോളേജുകളിലും സ്വകാര്യ സ്വാശ്രയ നഴ്സിങ് കോളേജുകളിലും വിവിധ സ്പെഷ്യലൈസേഷനുകളിൽ നടത്തുന്ന രണ്ടുവർഷ എം.എസ്.സി നഴ്‌സിങ് പ്രോഗ്രാം 2025 പ്രവേശനത്തിന് പ്രവേശനപരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു. സർവീസ് വിഭാഗം അപേക്ഷകരുൾപ്പെടെയുള്ളവർ പ്രവേശന പരീക്ഷ അഭിമുഖീകരിക്കണം.
സ്വകാര്യ സ്വാശ്രയ നഴ്‌സിങ് കോളേജുകളും സർക്കാരും തമ്മിൽ കരാറിൽ ഏർപ്പെടുന്നമുറയ്ക്ക് ഈ പ്രക്രിയയിൽ ഉൾപ്പെടുന്ന ഈ വിഭാഗം കോളേജുകളുടെ പട്ടിക വ്യക്തമാകും. അവിടെയുള്ള ഗവൺമെൻ്റ് സീറ്റുകളാണ് ഈ പ്രക്രിയയുടെ പരിധിയിൽവരുന്നത്.
.gif)

സ്പെഷ്യലൈസേഷനുകൾ : ചൈൽഡ് ഹെൽത്ത് നഴ്‌സിങ്, കമ്യൂണിറ്റി ഹെൽത്ത് നഴ്‌സിങ്, മെഡിക്കൽ സർജിക്കൽ നഴ്‌സിങ്, മെൻ്റൽ ഹെൽത്ത് നഴ്സിങ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി നഴ്‌സിങ് എന്നീ സ്പെഷ്യലൈസേഷനുകൾ വിവിധ ഗവൺമെൻ്റ് നഴ്‌സിങ് കോളേജുകളിലായി ലഭ്യമാണ്. മൊത്തം സീറ്റ് 162 (ആലപ്പുഴ-28, എറണാകുളം-16, കണ്ണൂർ-10, കോട്ടയം-22, കോഴിക്കോട്-80, തിരുവനന്തപുരം-36, തൃശ്ശൂർ-20).
ട്യൂഷൻ ഫീസ്: പ്രതിവർഷ ട്യൂഷൻഫീസ് സർക്കാർ വിഭാഗത്തിൽ 32,410 രൂപയും സ്വകാര്യ സ്വാശ്രയ വിഭാഗത്തിൽ ഒരുലക്ഷം രൂപയുമാണ്. മറ്റു ഫീസുകളും നൽകണം.
യോഗ്യത: കേരളത്തിലെ സർവകലാശാലകളിൽ നിന്നോ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അംഗീകരിച്ച മറ്റ് സർവകലാശാലകളിൽനിന്നോ റെഗുലർ കോഴ്സിലൂടെ നേടിയ ബി.എസ്.സി നഴ്സിങ് ബിരുദമോ പ്ലസ്‌ടു തലത്തിൻ സയൻസ് വിഷയങ്ങൾ പഠിച്ച്, ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സ് ജയിച്ച് റെഗുലർ പഠനത്തിലൂടെ നേടിയ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് ബിരുദമോ വേണം. ഡിസ്റ്റൻസ്/കറസ്പോണ്ടൻസ് രീതിയിൽ ബിരുദമെടുത്തവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. യോഗ്യതാ കോഴ്സിൽ 55 ശതമാനം മാർക്ക് (പട്ടിക/എസ്ഇബിസി/ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം) ഉണ്ടായിരിക്കണം. കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ അല്ലെങ്കിൽ കോഴ്‌സ് പൂർത്തിയാക്കിയ സംസ്ഥാനത്തെ നഴ്സിങ് കൗൺസിലിൻ്റെ രജിസ്ട്രേഷൻ അപേക്ഷ നൽകുന്ന സമയത്ത് വേണം.
അപേക്ഷ: സർവീസ് വിഭാഗക്കാർ ഉൾപ്പെടെ എല്ലാവരും www.cee.kerala.gov.in വഴി ഓഗസ്റ്റ് നാലിന് രാത്രി 11.59-നകം അപേക്ഷിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ.
MSc Nursing Admission in Kerala
