കണ്ണൂർ : ( www.truevisionnews.com ) കൊടും കുറ്റവാളിയായ ഗോവിന്ദചാമി ജയിൽ ചാടിയതിനു പിന്നാലെ വ്യാപക തിരച്ചിലിനൊടുവിൽ പിടികൂടിയതിൽ പ്രതികരണവുമായി സൗമ്യയുടെ അമ്മ. ഇവനെ ഇനി വെറുതെവിടാൻ പാടില്ല. ഇവന് തൂക്കുകയർ കിട്ടണം. പിടികൂടാൻ സഹായിച്ച ആൾക്കാരോടാണ് നന്ദി പറയാൻ ഉള്ളതെന്ന് അമ്മ സുമതി മാധ്യമങ്ങളോട് പറഞ്ഞു . ഇനിയും സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ഇതിനപ്പുറം ഇവൻ ചെയ്തുകൂട്ടുമെന്നത് ഉറപ്പാണ്. ഈ പ്രതിക്ക് മാത്രമായി സുരക്ഷ ഉറപ്പാക്കണം. ആ ഒരു കൈ വെച്ചാണ് അവനിത്രയും ചെയ്തത്. പക്ഷെ ഇത്രയും വലിയ ജയിൽ ചാടാൻ ഒരാളെ സഹായം ഇല്ലാതെ നടക്കില്ലെന്നും അമ്മ പറഞ്ഞു.
ജയിലിനുള്ളിൽ നിന്നും സഹായം ലഭിക്കാതെ പ്രതിക്ക് ഇത്രയും വലിയ മതിൽ ചാടാൻ കഴിയില്ല. ഇതിനെതിരെ കൃത്യമായ അന്വേഷണം നടക്കണം. ഇങ്ങനെയുള്ള ആളുകളെ എന്തിനാണ് നിയമത്തിനു വിട്ടുകൊടുക്കുന്നത്. എത്രയും പെട്ടെന്ന് ഇവന് തൂക്കുകയർ തന്നെ ശിക്ഷ കിട്ടണമെന്നും അമ്മ പറഞ്ഞു.
.gif)

സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദചാമിയെ കിണറ്റിൽ നിന്നുമാണ് പിടികൂടിയത്. കിണറ്റിൽ നിന്നും പൊലീസ് സംഘം ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ആൾപ്പാർപ്പില്ലാത്ത ഒരു വീടാണിതെന്നാണ് വിവരം. തളാപ്പിൽ കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ച ഒരാളെ കണ്ടെന്ന വിനോജ് എന്നയാളുടെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
ജയിലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഇന്ന് പുലർച്ചെ 4.15നും ആറരയ്ക്കും ഇടയിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന ജയിലിലെ 10 B ബ്ലോക്കിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. 7 .5 മീറ്റർ ആഴത്തിലുള്ള മതിലിൽ കിടക്കവിരികെട്ടിയാണ് ഇയാൾ മതിൽ ചാടിയത്. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ടായിരുന്നു.
ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാനായി സഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടിപ്പോയത്.
Soumya mother reacted to Govindachamy arrest after an extensive search following his jail break
