കണ്ണൂർ: ( www.truevisionnews.com ) തടവുശിക്ഷ ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടപ്പോഴും ഗോവിന്ദച്ചാമിയുടെ ശരീരം അല്പം ശോഷിച്ചെന്നല്ലാതെ കരുത്തിനും ക്രൂരമനസ്സിനും ഒരു ഇളക്കവും തട്ടിയിട്ടില്ലെന്ന് ഇയാളുടെ വാക്കിൽനിന്ന് മനസ്സിലാകുന്നതായി ജയിൽ ഉദ്യോഗസ്ഥർ. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ശിക്ഷാ കാലാവധി ഏതാണ്ട് അവസാനിക്കാറായിട്ടും ഇയാൾക്ക് മാനസാന്തരമുണ്ടായിട്ടില്ല. 2011 നവംബർ 11-നാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയത്.
അതീവ സുരക്ഷയുള്ള 10-ാം നമ്പർ ബ്ലോക്കിലെ ഡി സെല്ലിലാണ് പാർപ്പിച്ചിരുന്നത്. കേരളം നടുങ്ങിയ കൊടും ക്രൂരതയെപ്പറ്റി സഹതടവുകാരും ജയിൽ ജീവനക്കാരും കുറ്റപ്പെടുത്തുമ്പോഴൊക്കെ അവരോട് കയർത്തും ക്ഷുഭിതനായും പൊട്ടിത്തെറിക്കുന്ന ഗോവിന്ദച്ചാമിയെ കാണാറുണ്ടെന്ന് ജീവനക്കാർ പറയുന്നു. മറ്റു ചിലപ്പോൾ ചിരിച്ചുകൊണ്ടായിരിക്കും പ്രതികരണം.
.gif)

കുറ്റബോധത്തിൻറെ കണികപോലും ആ മുഖത്ത് കാണാറില്ല. ഒരുപാട് അന്ധവിശ്വാസങ്ങൾ ഇപ്പോഴും മുറുകെപ്പിടിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ഒരു മന്ത്രവാദിയുടെ അനുഗ്രഹമുണ്ടെന്നും തന്നെ കൊല്ലാൻ ആർക്കും സാധിക്കില്ലെന്നും ഗോവിന്ദച്ചാമി പറയും. ജയിൽ ജീവനക്കാരോട് നിരന്തരം കലഹിക്കുന്ന സ്വഭാവമാണെങ്കിലും അടുത്തകാലത്തായി ശാന്തനായിരുന്നു. ജയിൽ ചാടുകയെന്ന ആഗ്രഹം എപ്പോഴും പ്രകടിപ്പിക്കാറുണ്ടായിരുന്നു.
ഗോവിന്ദച്ചാമി സുഖസൗകര്യങ്ങൾക്കും നല്ല ഭക്ഷണത്തിനുംവേണ്ടി ജയിൽ ജീവനക്കാരുമായി നിരന്തരം കലഹിച്ചിരുന്നു. തനിക്ക് കൃത്രിമ കൈ വേണമെന്ന് അന്നത്തെ ജയിൽ ഡിജിപിയോട് നേരിട്ട് ആവശ്യപ്പെടുകയും നിവേദനം നൽകുകയും ചെയ്തു. ബീഡി വലിക്കുന്ന ശീലമുള്ള തനിക്ക് ദിവസവും ബീഡി നൽകണമെന്നതായിരുന്നു മറ്റൊരാവശ്യം. പറ്റില്ലെന്ന് പറഞ്ഞ ജീവനക്കാരോട് തമിഴ്നാട്ടിലെ ജയിലിൽ ഇതൊക്കെ കിട്ടുമെന്നും ജയിൽ ചട്ടങ്ങൾ തനിക്ക് ബാധകമല്ലെന്നും ഭീഷണിപ്പെടുത്തി.
മറ്റു തടവുകാരെപ്പറ്റി നിരന്തരം പരാതിയുമായി അധികൃതരെ സമീപിക്കുന്നതും ഇയാളുടെ രീതിയായിരുന്നു. ദിവസവും ബിരിയാണി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഒരുദിവസം നിരാഹാരം കിടന്നു. പിറ്റേന്ന് ഉച്ചയ്ക്ക് സെല്ലിനുമുന്നിലെ വരാന്തയിൽ നിരത്തിവെച്ച പാത്രങ്ങളിൽ മട്ടൻകറി വിളമ്പുന്നത് കണ്ടതോടെ അയഞ്ഞു. മണപ്പിച്ച് പ്രകോപിപ്പിക്കാനായി കറി പാത്രത്തിൽ നിറയ്ക്കുന്നത് ഇയാളുടെ സെല്ലിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. മണമടിച്ചതോടെ ഗോവിന്ദച്ചാമി ലോഹ്യം പറയാനെത്തി. നിരാഹാരം അവസാനിപ്പിച്ചതായി എഴുതിനൽകണമെന്ന് ജീവനക്കാർ പറഞ്ഞതനുസരിച്ച് മട്ടൻകറി കഴിച്ച് സമരമവസാനിപ്പിച്ചു. എല്ലാ ശനിയാഴ്ചയും 210 ഗ്രാം ആട്ടിറച്ചി തടവുകാർക്ക് നൽകാറുണ്ട്. അതേ ഇയാൾക്കും നൽകാറുള്ളൂ. രാത്രി പൊറോട്ടയും കോഴിക്കറിയും കഞ്ചാവും വേണമെന്ന് ഇയാൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇടയ്ക്ക് ആത്മഹത്യാശ്രമവുമുണ്ടായി. പ്രഭാതകർമങ്ങൾക്കും മറ്റും പുറത്തിറക്കിയപ്പോൾ എല്ലാവരും കാൺകെ മേൽക്കൂരയിലെ കഴുക്കോലിൽ ഒറ്റക്കൈകൊണ്ട് മുണ്ട് കെട്ടാൻ ശ്രമിച്ചപ്പോൾ ജയിൽജീവനക്കാരും മറ്റു തടവുകാരും ചേർന്ന് മുണ്ട് പിടിച്ചുവാങ്ങുകയായിരുന്നു. പിന്നീട് ധരിക്കാൻ ബർമുഡ നൽകി.
govindachamy breaks prison finally caught
