കണ്ണൂർ: ( www.truevisionnews.com ) ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പത്താം പ്രതി കെ കെ കൃഷ്ണൻ ജയിൽ വാസത്തിനിടെ മരിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് മരണം. ശ്വാസ തടസത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിചാരണ കോടതി വെറുതെവിട്ട കെ കെ കൃഷ്ണനെ ഹൈക്കോടതിയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. 2024 ഫ്രെബ്രുവരിയിലാണ് ശിക്ഷ വിധിച്ചത്. സിപിഐ എം ഒഞ്ചിയം ഏരിയ കമ്മിറ്റി മുൻ അംഗവും വടകര ബ്ലോക്ക്പഞ്ചായത്തംഗവുമായിരുന്നു കെ കെ കൃഷ്ണൻ.
സി.പി.ഐ.എം വിട്ട് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) എന്ന പുതിയ പാർട്ടിക്ക് രൂപം നൽകിയ നേതാവായിരുന്നു ടി.പി. ചന്ദ്രശേഖരൻ. സി.പി.ഐ.എം-ന്റെ ഔദ്യോഗിക നിലപാടുകളെ പരസ്യമായി വിമർശിച്ചതിലൂടെ അദ്ദേഹം ശ്രദ്ധേയനായി. ഒഞ്ചിയം പഞ്ചായത്തിൽ ആർ.എം.പിക്ക് വലിയ ജനപിന്തുണ നേടിക്കൊടുത്തതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു. 2012 മെയ് 4-ന് വടകര വള്ളിക്കാട് വെച്ച് രാഷ്ട്രീയ വൈരാഗ്യം മൂലം അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.
.gif)

ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം ടി പിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2024 ഫെബ്രുവരിയിൽ കേരള ഹൈക്കോടതി കേസിൽ വിചാരണക്കോടതിയുടെ വിധി ശരിവെക്കുകയും ചില പ്രതികളുടെ ശിക്ഷ ഉയർത്തുകയും ചെയ്തു.
കേസിലെ ഒമ്പത് പ്രതികൾക്ക് 20 വർഷം ശിക്ഷാ ഇളവില്ലാതെ ഇരട്ട ജീവപര്യന്തം തടവ് ഹൈക്കോടതി വിധിച്ചു. നേരത്തെ വിചാരണക്കോടതി വെറുതെവിട്ട കെ.കെ. കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ വിചാരണക്കോടതി വെറുതെ വിട്ട വിധി ഹൈക്കോടതിയും ശരിവെച്ചു. രാഷ്ട്രീയ കൊലപാതകത്തെ അപൂർവങ്ങളിൽ അപൂർവമായി കാണാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികൾക്ക് വധശിക്ഷ നൽകിയില്ല. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എം.എൽ.എ കേസിൽ എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്
K. K. Krishnan, accused in the TP Chandrasekharan murder case, dies while in jail
