കൊല്ലം : ( www.truevisionnews.com ) ‘രാവിലെ ഏതാണ്ട് എട്ടരയോടെയാണ് സംഭവം. മിഥുൻ ഇവിടെ ഫുട്ബോൾ കളിക്കുകയായിരുന്നു. അതിനിടെ ചെരുപ്പ് ഷെഡിനു മുകളിൽ വീണു. അതെടുക്കാൻ കയറിയപ്പോൾ ഷോക്കടിക്കുകയായിരുന്നു. ഞാൻ കാണുമ്പോൾ അവൻ വൈദ്യുതിക്കമ്പിയിൽ കിടക്കുകയായിരുന്നു.
വായിൽനിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. വല്ലാത്തൊരു അവസ്ഥയായിരുന്നു. എല്ലാവരും രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു’– തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുന് ഷോക്കേൽക്കുന്നത് കണ്ട പത്താം ക്ലാസ് വിദ്യാർഥി പറഞ്ഞു.
.gif)

തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാട്. മകനെ രാവിലെ സ്കൂളിൽ കൊണ്ടുവിട്ടിട്ട് പോന്നതാണെന്നും പിന്നെ തനിക്കൊന്നും അറിയില്ലെന്നും നെഞ്ച്പൊട്ടി പറയുകയാണ് മിഥുന്റെ അച്ഛൻ മനോജ്. വൈകിട്ട് ചെരുപ്പ് മേടിക്കണമെന്ന് പറഞ്ഞ് സ്കൂളിലേക്ക് പോയതാണ്.
അവനെ വിട്ട് തിരികെ വീട്ടിലേക്ക് എത്തി കുറച്ച് കഴിഞ്ഞാണ് ആൾക്കാർ എന്നെ വിളിക്കുന്നത്. പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് ചെല്ലാൻ പറഞ്ഞു. എനിക്കത്രയേ അറിയത്തുള്ളൂ. അതിൽക്കൂടുതലൊന്നും അറിയില്ല. എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു. പൊട്ടിക്കരഞ്ഞുകൊണ്ട് മനോജിന്റെ വാക്കുകളിങ്ങനെ.
കൂലിപ്പണിക്കാരനായ മനോജിന് രണ്ട് മക്കളാണുള്ളത്. ഇളയ മകൻ ആറാം ക്ലാസിലാണ് പഠിക്കുന്നത്. നാല് മാസമായിട്ടേയുള്ള ഇവരുടെ അമ്മ വിദേശത്തേക്ക് പോയിട്ട്. അമ്മയോട് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് നാട്ടുകാരിലൊരാൾ പറയുന്നു. വീട്ടുജോലിക്കായിട്ടാണ് മിഥുന്റെ അമ്മ വിദേശത്തേക്ക് പോയത്. രാവിലെ മനോജ് മകനെയും കൂട്ടി സ്കൂളിലേക്ക് പോകുന്നത് കണ്ടെന്ന് നാട്ടുകാരിൽ പലരും പറയുന്നു. പിന്നീട് അറിഞ്ഞത് ദുരന്തവാർത്തയാണ്. നല്ലൊരു കിടപ്പാടം പോലും ഇവർക്കില്ല. വീടിന്റെ ദാരിദ്രാവസ്ഥയെ തുടർന്നാണ് മിഥുന്റെ അമ്മ വിദേശത്തേക്ക് പോയത്.
സംഭവത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.
He was foaming at the mouth When I saw him he was lying on an electric wire Classmate in shock
