കൊല്ലം: ( www.truevisionnews.com ) തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാട്. മകനെ രാവിലെ സ്കൂളിൽ കൊണ്ടുവിട്ടിട്ട് പോന്നതാണെന്നും പിന്നെ തനിക്കൊന്നും അറിയില്ലെന്നും നെഞ്ച്പൊട്ടി പറയുകയാണ് മിഥുന്റെ അച്ഛൻ മനോജ്. വൈകിട്ട് ചെരുപ്പ് മേടിക്കണമെന്ന് പറഞ്ഞ് സ്കൂളിലേക്ക് പോയതാണ്.
അവനെ വിട്ട് തിരികെ വീട്ടിലേക്ക് എത്തി കുറച്ച് കഴിഞ്ഞാണ് ആൾക്കാർ എന്നെ വിളിക്കുന്നത്. പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് ചെല്ലാൻ പറഞ്ഞു. എനിക്കത്രയേ അറിയത്തുള്ളൂ. അതിൽക്കൂടുതലൊന്നും അറിയില്ല. എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു. പൊട്ടിക്കരഞ്ഞുകൊണ്ട് മനോജിന്റെ വാക്കുകളിങ്ങനെ.
.gif)

കൂലിപ്പണിക്കാരനായ മനോജിന് രണ്ട് മക്കളാണുള്ളത്. ഇളയ മകൻ ആറാം ക്ലാസിലാണ് പഠിക്കുന്നത്. നാല് മാസമായിട്ടേയുള്ള ഇവരുടെ അമ്മ വിദേശത്തേക്ക് പോയിട്ട്. അമ്മയോട് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് നാട്ടുകാരിലൊരാൾ പറയുന്നു. വീട്ടുജോലിക്കായിട്ടാണ് മിഥുന്റെ അമ്മ വിദേശത്തേക്ക് പോയത്. രാവിലെ മനോജ് മകനെയും കൂട്ടി സ്കൂളിലേക്ക് പോകുന്നത് കണ്ടെന്ന് നാട്ടുകാരിൽ പലരും പറയുന്നു. പിന്നീട് അറിഞ്ഞത് ദുരന്തവാർത്തയാണ്. നല്ലൊരു കിടപ്പാടം പോലും ഇവർക്കില്ല. വീടിന്റെ ദാരിദ്രാവസ്ഥയെ തുടർന്നാണ് മിഥുന്റെ അമ്മ വിദേശത്തേക്ക് പോയത്.
സംഭവത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. അതേസമയം, കെഎസ്ഇബിയും സ്വകാര്യ മാനേജ്മെന്റും ചേർന്ന് നടത്തിയ കൊലയാണിതെന്ന് കെ മുരളീധരൻ പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
8th Class student midhun dies of shock at Thevalakkara school
