കൊല്ലം: ( www.truevisionnews.com) കൊല്ലത്തെ സ്കൂളിൽ ഷോക്കേറ്റ എട്ടാം ക്ലാസുകാരന്റെ മരണത്തിൽ നെഞ്ചുനീറി തേവലക്കര നാട്. മിഥുൻ എട്ടാം ക്ലാസ് പഠനത്തിനായിതേവലക്കര ബോയ്സ് ഹൈസ്കൂളിലേക്ക് എത്തിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളു. ഇതിനിടയിലാണ് ദാരുണമായ അപകടത്തിൽ ജീവൻ പൊലിഞ്ഞത്.
പട്ടുകടവ് സ്കൂളിൽനിന്ന് തേവലക്കര ബോയ്സ് ഹൈസ്കൂളിലേക്ക് ഈ അധ്യയന വർഷമാണ് മാറിയത്. ഹൈസ്കൂൾ പ്രവേശനത്തിന്റെ ഭാഗമായിട്ടായിരുന്നു മാറ്റം. സ്കൂളിൽ കളിക്കുന്നതിനിടെ, സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കുന്നതിനിടെയാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. ക്ലാസിലെ ബെഞ്ച് ഉപയോഗിച്ച് സൈക്കിൾ ഷെഡിന് മുകളിലേക്ക് കയറുമ്പോൾ കാൽ തെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു.
.gif)

സാധാരണ സ്കൂൾ ബസിലാണ് മിഥുൻ സ്കൂളിലേക്ക് പോകുന്നത്. എന്നാൽ ഇന്ന് പിതാവ് മനുവാണ് മിഥുനെ സ്കൂട്ടറിൽ സ്കൂളിൽ എത്തിച്ചത്. അമ്മ സുജ കുവൈറ്റിൽ ഹോം നഴ്സായി ജോലിക്ക് പോയിട്ട് മൂന്നു മാസമാകുന്നതേയുള്ളൂ. സുജ രാവിലെ ഫോണിൽ വിളിച്ച് മനുവിനോടും മിഥുനോടും സംസാരിച്ചിരുന്നു. അതിനുശേഷമാണ് സ്കൂളിലേക്ക് പോയത്. അപകടം നടന്നയുടനെ പഞ്ചായത്ത് അംഗം ശിവരാജന് വിവരം ലഭിച്ചു. മനുവിനൊപ്പം ആശുപത്രിയിലെത്തിയപ്പോഴേക്കും മിഥുൻ മരിച്ചു.
വിദേശത്തുള്ള സുജ ഇതുവരെ വിവരം അറിഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കുവൈറ്റിൽ സുജ ജോലി ചെയ്യുന്ന കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്. സുജയെയും ഒപ്പം കൂട്ടി. സുജയുടെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. മനുവിന് കൂലിപ്പണിയാണ്. സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബമാണ്.
പുതിയ വീട് നിർമിക്കാൻ ലൈഫ് പദ്ധതിയിൽ പേര് ചേർത്തിട്ടുണ്ട്. ഇതിന്റെ അനുമതി ലഭിച്ചിട്ടില്ല. മകനെ നഷ്ടപ്പെട്ട വേദനയിൽ പൊട്ടിക്കരഞ്ഞ മനുവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും വലഞ്ഞു. സുഹൃത്തിന്റെ ചെരുപ്പ് എടുക്കാനായി കയറിയപ്പോൾ തെന്നിവീണതായാണ് ലഭിച്ച വിവരമെന്ന് ബന്ധുക്കൾ പറഞ്ഞു.
Mother abroad unaware of kollam Mithun death, father breaks down in tears over the loss of his only son
