കൊല്ലം: ( www.truevisionnews.com ) 'കൂടെയുള്ള സുഹൃത്തുക്കൾ... മിഥുനേ കേറല്ലേ... കേറല്ലേ.. എന്ന് പറഞ്ഞതാ. എന്നാൽ, പലകയുടെ ഇടയിൽ കൂടി സൈക്കിൾ ഷെഡ്ഡിന് മേലേക്ക് അവൻ ചാടിക്കയറുകയായിരുന്നു'. കൊല്ലത്ത് സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വിദ്യാർത്ഥി അപകടത്തിൽപ്പെട്ടതിന്റെ ദുരവസ്ഥ പറഞ്ഞ് ദൃക്സാക്ഷി. ബെഞ്ച് എടുത്ത് ഷീറ്റിനുമേൽ വെച്ചശേഷമായിരുന്നു ചെരിപ്പെടുക്കാനുള്ള ശ്രമം. തെന്നിയപ്പോൾ വീഴാതിരിക്കാൻ വേണ്ടി കൈ നീട്ടിയത് തൊട്ടടുത്തുള്ള ത്രീ ഫെയ്സ് ലൈനിലായിരുന്നു. തൊട്ടടുത്തുള്ള വീട്ടിലേക്കുള്ള വൈദ്യുത ലൈനായിരുന്നു ഇത്.
'എങ്ങനെ സംഭവിച്ചുവെന്ന് എന്നൊന്നും അറിയില്ല. കുഞ്ഞുങ്ങള് പഠിക്കുന്നതല്ലേ, ഇതൊക്കെ ശ്രദ്ധിക്കണ്ടേ...'- കൊല്ലത്ത് സ്കൂൾകെട്ടിത്തിന് മുകളിലെ വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുനിന്റെ പിതാവിന്റെ സഹോദരൻ കണ്ണീരോടെ പറഞ്ഞു. 'രാവിലെ ട്യൂഷൻ കഴിഞ്ഞ് ബസ് കയറി പോയതാ.. ഇപ്പോഴാ അറിയുന്നത്... സമയം പോന്നെന്നും പറഞ്ഞു പോയ എന്റെ കുഞ്ഞാ..'- അദ്ദേഹം പറഞ്ഞു. കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ രാവിലെ 9.15 ഓടെയാണ് സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ഷോക്കേറ്റ് മരിച്ചത്.
.gif)

കുട്ടികളൊക്കെ സ്കൂളിൽ എത്തിത്തുടങ്ങുന്ന നേരം. സാധാരണ രീതിയിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയായിരുന്നു മിഥുനും. പരസ്പരം ചെരിപ്പെറിഞ്ഞുള്ള കളിയിൽ പെട്ടെന്ന് മിഥുന്റെ ചെരിപ്പ് തൊട്ടടുത്തുള്ള സൈക്കിൾ ഷെഡിന് മേലേക്ക് പതിക്കുകയായിരുന്നു. ഇത് എടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മിഥുന് ഷോക്കേറ്റത്. ഷോക്കേറ്റത് കണ്ട് ഓടിയെത്തി അധ്യാപകർ ഉടൻ തന്നെ ഓടിപ്പോയി ട്രാൻസ്ഫോർമർ ഓഫ് ചെയ്തു. കുട്ടിയെ മേൽക്കൂരയിൽ നിന്ന് താഴെയിറക്കി ശാസ്താം കോട്ട ആശുപത്രിയിലേക്ക് കുതിച്ചു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.
ലൈൻ മാറ്റിസ്ഥാപിക്കാൻ പലതവണ കെഎസ്ഇബിയോട് ആവശ്യപ്പെട്ടെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അന്വേഷണച്ചുമതല നൽകി. വിഷയത്തിൽ വിശദാന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വൈദ്യുതമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
8th grade student died of shock at Thevalakkara Boys High School Kollam
