തിരുവനന്തപുരം: ( www.truevisionnews.com ) കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുൻ (13) ആണ് ഷോക്കേറ്റ് മരിച്ചത്.
.gif)

സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ മുകളിൽ ഉയർന്ന വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് മിഥുന്റെ ചെരിപ്പ് വീണതെന്നാണ് പ്രാഥമിക വിവരം. ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ മിഥുൻ വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. ഉടൻതന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Student dies of shock at school in Kollam Education Minister seeks urgent report
