കോഴിക്കോട്:( www.truevisionnews.com ) ഇന്ന് കർക്കിടകം ഒന്ന്. ഇനി രാമായണ പാരായണത്തിന്‍റെ നാളുകള്‍. തോരാതെ മഴ പെയ്തിരുന്ന കർക്കിടകം മലയാളികൾക്ക് പഞ്ഞകർക്കടകവും കള്ളക്കർക്കടവുമാണ്. തിരിമുറിയാതെ പെയ്യുന്ന മഴയിൽ കൃഷി നാശവും തൊഴിലില്ലായ്മയും രൂക്ഷമായിരുന്ന കർക്കിടകം. ആ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ മനസിനും ശരീരത്തിനും ആശ്വാസം പകരാനായി ഭക്തിയിൽ അഭയം തേടുന്നവർ.
സന്ധ്യാ നേരങ്ങളിൽ എങ്ങും ഉയർന്നു കേള്‍ക്കുന്ന രാമായണ ശീലുകള്‍. കർക്കിടക മാസാരംഭത്തിന് മുൻപ് തന്നെ വീടും പരിസരവുമെല്ലാം വൃത്തിയാക്കും. കത്തിച്ച് വെച്ച നിലവിളക്കിന് മുന്നിലാണ് ഒരു മാസം രാമായണ പാരായണം. രാമായാണം വായിച്ച് തീരുമ്പോള്‍ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസിലെ വിദ്വേഷങ്ങളാണെന്നാണ് വിശ്വാസം.
.gif)

പൂര്‍വ്വികരെയും മണ്‍മറഞ്ഞ പിതൃക്കളെയും ഓര്‍മ്മിക്കാനായി കര്‍ക്കിടകവാവിന് പിതൃക്കള്‍ക്ക് ബലി ദർപ്പണവും നടത്തും. വിശ്വാസികളെ സംബന്ധിച്ച് കർക്കിടകത്തിലെ നാലമ്പല ദർശനവും പ്രധാനപ്പെട്ടതാണ്. വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പും ഇവിടെ തുടങ്ങുകയാണ്.
കർക്കിടകം ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന ഒരു മാസമാണ്. ഈ മാസം കർക്കിടക കഞ്ഞിയും മരുന്ന് കഞ്ഞിയും തയ്യാറാക്കി കഴിക്കുന്നത് പതിവാണ്. കർക്കിടക കഞ്ഞിയിൽ ഔഷധഗുണങ്ങളുള്ള വിവിധതരം പച്ചമരുന്നുകളും ധാന്യങ്ങളും ചേർക്കുന്നു. ശരീരത്തിലെ വിഷാംശം പുറംതള്ളാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. മഴക്കാല രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും ശരീരത്തിന് ഉണർവ് നൽകാനും ഇത് ഉത്തമമാണ്.
Karkkidakam month time for Ramayana recitation
