ദില്ലി: ( www.truevisionnews.com ) രാജ്യസഭാംഗമായി രാഷ്ട്രപതി നോമിനേറ്റ് ചെയ്ത കേരളത്തിലെ ബി ജെ പി നേതാവ് സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ രംഗത്ത്. സദാനന്ദൻ മാസ്റ്ററുടെ ജീവിതം ധൈര്യത്തിന്റെയും അനീതിക്ക് മുന്നിൽ കീഴടങ്ങാത്ത മനോഭാവത്തിന്റെയും മാതൃകയാണെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്.
അക്രമത്തിനും ഭീഷണിക്കും മാഷുടെ ആവേശത്ത തടയാനാകില്ലെന്നും മോദി കൂട്ടിച്ചേർത്തു. അധ്യാപകനായും സാമൂഹിക പ്രവർത്തകനായുമുള്ള സദാനന്ദൻ മാസ്റ്ററുടെ പ്രവർത്തനം പ്രശംസനീയമാണെന്നും എം പിയെന്ന നിലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാനാകട്ടെയന്നും പ്രധാനമന്ത്രി ആശംസിച്ചു.
.gif)

സദാനന്ദൻ മാസ്റ്റർ അഭിമാനം എന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. അക്രമ രാഷ്ട്രീയത്തിനെതിരായ സന്ദേശം ആണിതെന്നും കേരളത്തിൽ ബി ജെ പി എത്ര ത്യാഗം സഹിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് ബോധ്യപ്പെടുത്തുന്നതാണ് സദാനന്ദൻ മാസ്റ്ററുടെ ജീവിതമെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
ബിജെപി നേതാവ് സി.സദാനന്ദന് 30 വയസ്സുള്ളപ്പോഴാണ് അക്രമത്തിൽ രണ്ട് കാലുകളും നഷ്ടമായത്. സിപിഎമ്മുകാരായിരുന്നു കേസിലെ പ്രതികൾ. 1994 ജനുവരി 25ന് രാത്രി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അക്രമം. രണ്ടു കാലുകളും അക്രമി സംഘം വെട്ടിമാറ്റി. ഭീതിപരത്താൻ ബോംബെറിഞ്ഞു. പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
സദാനന്ദനെ രാജ്യസഭാംഗമാക്കുന്നതിലൂടെ, പാർട്ടിക്കായി നിലയുറപ്പിക്കുന്നവരെ പരിഗണിക്കുമെന്ന സന്ദേശമാണ് കേന്ദ്ര നേതൃത്വം നൽകുന്നത്. സംഘപരിവാർ സംഘടനകളിൽ സജീവമായിരുന്ന സദാനന്ദൻ അടുത്ത കാലത്താണ് ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് വരുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ സ്ഥാനാർഥിയായിരുന്നു.
അടുത്തിടെ വ്യത്യസ്ത മേഖലയിലുള്ളവരെ രാജ്യസഭയിലേക്കു പരിഗണിച്ചതിനു പിന്നാലെയാണ് സദാനന്ദനും രാജ്യസഭയിലെത്തുന്നത്. ആർഎസ്എസ് നേതൃത്വം സദാനന്ദന്റെ പേര് നിർദേശിച്ചിരുന്നതായി സൂചനയുണ്ട്. സദാനന്ദന്റെ കാൽ വെട്ടിയ കേസിൽ എട്ടു സിപിഎമ്മുകാരെ ഏഴു വർഷം തടവിന് ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി 2025 ഫെബ്രുവരിയിൽ ശരിവച്ചിരുന്നു.
പ്രതികളായ ഉരുവച്ചാൽ കുഴിക്കൽ കെ. ശ്രീധരൻ, മാതമംഗലം നാണു, പെരിഞ്ചേരി പുതിയ വീട്ടിൽ മച്ചാൻ രാജൻ, കുഴിക്കൽ പി. കൃഷ്‌ണൻ, മനയ്ക്കൽ ചന്ത്രോത്ത് രവീന്ദ്രൻ, കരേറ്റ പുല്ലാഞ്ഞിയോടൻ സുരേഷ്‌ബാബു, പെരിഞ്ചേരി മൈലപ്രവൻ രാമചന്ദ്രൻ, കുഴിക്കൽ കെ. ബാലകൃഷ്‌ണൻ എന്നിവരുടെ തടവുശിക്ഷയാണ് ശരിവച്ചത്.
ഇവർ സദാനന്ദനു നൽകാനുള്ള നഷ്ടപരിഹാര തുക ഹൈക്കോടതി വർധിപ്പിച്ചിരുന്നു. 50,000 രൂപ വീതം നൽകാനാണു കോടതി നിർദേശിച്ചത്. വിചാരണക്കോടതി 25,000 രൂപ വീതമാണു വിധിച്ചത്. പ്രതികൾ മൃഗീയമായ ആക്രമണമാണു നടത്തിയതെന്നും ദയ അർഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. 2007നാണ് തലശ്ശേരി പ്രിൻസിപ്പൽ അസി. സെഷൻസ് കോടതി പ്രതികളെ ഏഴു വർഷം തടവിനു ശിക്ഷിച്ചത്. ഇത് 2013 ജൂൺ 10 ന് തലശ്ശേരി സെഷൻസ് കോടതി ശരിവച്ചു. ഇതിനെതിരെ സദാനന്ദൻ നൽകിയ ക്രിമിനൽ റിവിഷൻ അപ്പീലും പ്രതികൾ നൽകിയ നൽകിയ ക്രിമിനൽ റിവിഷൻ പെറ്റിഷനും പരിഗണിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്.
Violence and threats cannot stop Mash's enthusiasm Narendra Modi congratulates Sadanandan Master
