പാലക്കാട്: ( www.truevisionnews.com) സിപിഎമ്മിന് എതിരായാണ് താൻ മണ്ണാർക്കാട് പ്രസംഗിച്ചത് എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണെന്ന് പി കെ ശശി. എന്നാൽ ഒരു വാക്കുപോലും പാർട്ടിക്കെതിരായോ പാർട്ടി നേതാക്കൾക്കെതിരായോ പറഞ്ഞിട്ടില്ലെന്നാണ് പി കെ ശശിയുടെ അവകാശവാദം. രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ വ്യക്തിപരമായ ബന്ധങ്ങൾ നിലനിർത്തുമെന്നാണ് താൻ പറഞ്ഞതെന്നും അഴിമതിക്കെതിരെയാണ് താൻ സംസാരിച്ചതെന്നും പി കെ ശശി വിശദീകരിച്ചു.
പി കെ ശശിയുടെ കുറിപ്പ്
.gif)

"കഴിഞ്ഞ പത്തു മുപ്പത്തിയഞ്ചു കൊല്ലമായുള്ള മണ്ണാർക്കാട്ടെ സാധാരാണക്കാരായ തൊഴിലാളികൾ, വ്യാപാരി വ്യവസായികൾ, രാഷ്ട്രീയ പ്രവർത്തകർ, ലയൺസ് റോട്ടറി ക്ലബുകൾ, കൃഷിക്കാർ, ഓട്ടോ തൊഴിലാളികൾ, വിദ്യാർത്ഥി യുവജന പ്രവർത്തകർ എന്നിവരുമായുള്ള എന്റെ നാഭീനാള ബന്ധം മുറിച്ചു മാറ്റാൻ ഈ ലോകത്തൊരു ശക്തിയ്ക്കും കഴിയില്ല. മണ്ണാർക്കാട്ടെ ഈ മേഖലകളിലെല്ലാം എന്റെ സജീവമായ സാന്നിധ്യം ഉണ്ടാവുമെന്നാണ് യോഗത്തിൽ ഞാൻ പറഞ്ഞത്.
അഴിമതിക്കെതിരെയാണ് ഞാനവിടെ പറഞ്ഞത്. എല്ലാ കാര്യങ്ങളിലും സോഷ്യൽ ഓഡിറ്റ് വേണമെന്നാണ് ഞാൻ പറഞ്ഞത്. എല്ലാ വർക്കുകളും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണം. പിന്നെ ഒരു കാര്യം കൂടി പറഞ്ഞു. വിരോധമുള്ള ഒരാൾക്കെതിരെ വെറുതെ അഴിമതി ആരോപണമുന്നയിക്കുന്നത് ശരിയല്ല.
അത് വ്യക്തമായി തെളിയിക്കപ്പെടണം. മാത്രവുമല്ല അഴിമതി ഉന്നയിക്കുന്നവൻ താൻ പരിശുദ്ധനാണ് എന്ന് ലോകത്തെ ബോധ്യപ്പെടുത്തണം. മാലിന്യ കൂമ്പാരത്തിൽ ഇറങ്ങിനിന്ന് കരയ്ക്കു നിൽക്കുന്നവന്റെ കുപ്പായത്തിൽ കറുത്ത കുത്തുണ്ടെന്ന് പറയുന്നത് അപഹാസ്യമാണ് എന്നാണ് ഞാനവിടെ പ്രസംഗിച്ചത്.
ഒരു ചീഞ്ഞ സംസ്കാരം നമ്മുടെ നാട്ടിലുണ്ട്. ആരെന്ത് നല്ലതു ചെയ്താലും വിരോധമുള്ള രാഷ്ട്രീയക്കാർ അതിനെ കണ്ണടച്ച് എതിർക്കുക എന്നത് നമ്മുടെ ശീലമായിപ്പോയി. പിണറായി സർക്കാർ ഏതു നല്ല ആശയം മുന്നോട്ടുവച്ചാലും അതിനെ എതിർക്കുന്ന പ്രതിപക്ഷത്തെ നാം സ്ഥിരമായി കാണുന്നതാണല്ലോ.
ആരു ചെയ്താലും അത് യുഡിഎഫ് ഭരണ സമിതിയായാലും എൽഡിഎഫ് സർക്കാറായാലും ചെയ്യുന്ന കാര്യത്തെ അടിസ്ഥാനമാക്കിയാവണം വിമർശനം എന്ന പക്ഷക്കാരനാണ് ഞാൻ. ഒന്നേ പറയാനുള്ളൂ. കൂലിയെഴുത്തുകാരായി സോഷ്യൽ മീഡിയയിൽ എഴുതി നിറയ്ക്കുന്നവരും തെറ്റിദ്ധരിപ്പിച്ച് വാർത്തയ്ക്ക് സാധ്യത തേടുന്നവരും ഇതെല്ലാം പൊതു സമൂഹം കാണുന്നുണ്ട് എന്നോർക്കുക. ഉറപ്പിച്ചു പറയാം. ഞാൻ ഇവിടെയുണ്ടാകും. ഇവിടത്തന്നെ"
PK Sasi says Mannarkad speech is not against CPM
