തിരുവനന്തപുരം: ( www.truevisionnews.com ) പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കേരള പൊലീസിൻ്റെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ ജെയ്സൺ അലക്സാണ് മരിച്ചത്. തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം അടക്കം പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
.gif)

മറ്റൊരു സംഭവത്തിൽ കായിക മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന കായികവകുപ്പ് മന്ത്രി വി അബ്‌ദുറഹിമാൻ്റെ ഓഫീസ് അസിസ്റ്റൻ്റ് വയനാട് സ്വദേശി ബിജുവാണ് മരിച്ചത്. തിരുവനന്തപുരം നളന്ദ എൻജിഒ ക്വാർട്ടേർസിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യക്കൊപ്പമാണ് ഈ ക്വാർട്ടേർസിൽ ബിജു താമസിച്ചിരുന്നത്. ഇന്നലെ ഭാര്യ നാട്ടിൽ പോയിരുന്നു. ഇന്ന് രാവിലെ ബിജു ഓഫീസിൽ ചെല്ലാതിരുന്നതോടെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചു. എന്നാൽ ബിജു കോൾ എടുത്തില്ല. വിവരമറിഞ്ഞ് ഭാര്യയും വിളിച്ചെങ്കിലും ബിജുവിൻ്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ല. ഇതോടെയാണ് താമസസ്ഥലത്ത് പരിശോധന നടത്തിയത്.
അകത്ത് നിന്ന് പൂട്ടിയ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. മുറിയിൽ മ്യൂസിയം പൊലീസ് പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. 2021 മുതൽ മന്ത്രി വി അബ്‌ദുറഹിമാൻ്റെ ഓഫീസ് സ്റ്റാഫാണ് മരിച്ച ബിജു
Police officer found dead in Thiruvananthapuram
