Jul 8, 2025 08:59 PM

പത്തനംതിട്ട: ( www.truevisionnews.com ) കോന്നി പയ്യനാമണ്ണിലെ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ‌ കുടുങ്ങിയ ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ മൃതദേഹം കണ്ടെത്തി. പാറകൾക്കിടയിൽ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ മൃതദേഹം പുറത്തെടുത്തു. തകർന്നുകിടക്കുന്ന ക്യാബിൻ്റെ ഉള്ളിലായിരുന്നു മൃതദേഹം. ഇവിടേക്ക് വടംകെട്ടിയിറങ്ങിയാണ് മൃതദേഹം പുറത്തെത്തിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

നേരത്തെ നിർത്തിവെച്ച രക്ഷാദൗത്യം 8 മണിക്കൂറിന് ശേഷമാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. പ്രദേശത്ത് മഴയുണ്ടായിരുന്നതും പാറകൾ വീണ്ടും ഇടിയുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. നിലവിൽ ലോങ് ബൂം എസ്കവേറ്റർ എത്തിച്ചാണ് രക്ഷാദൗത്യം.

ഇന്നലെ വൈകുന്നേരമാണ് കോന്നി പയ്യനാമൺ പാറമടയിൽ അപകടമുണ്ടായത്. രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. അതിലൊരാളുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഒഡീഷാ സ്വദേശി മഹാദേവിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. അടിയിൽപെട്ടുപോയ രണ്ടാമത്തെയാളെ പുറത്തെടുക്കാൻ ഫയർഫോഴ്സ് സംഘത്തിന് പോലും കഴിയാത്ത സ്ഥിതിയായിരുന്നു.

ഇന്ന് രാവിലെ പ്രത്യേക റോപ്പുകള്‍ ഉപയോഗിച്ച് ഹിറ്റാച്ചി കിടക്കുന്ന സ്ഥലത്തെത്തി ദൗത്യസംഘം പരിശോധന നടത്തിയെങ്കിലും മണ്ണുമാന്തി യന്ത്രത്തിന്‍റെ ക്യാബിന് മുകളില്‍ വലിയ പാറകൾ മൂടിയ നിലയിലായിരുന്നു. ഹിറ്റാച്ചിയുടെ ക്യാബിൻ മുഴുവനായും പാറ മൂടി കിടക്കുകയാണ്, മനുഷ്യശേഷി ഉപയോഗിച്ച് പാറക്കഷ്ണങ്ങൾ മാറ്റാൻ കഴിയില്ലെന്നും ക്രെയിൻ എത്തിക്കേണ്ടിവരുമെന്നും ഫയർഫോഴ്സ് ജില്ലാ മേധാവി പ്രതാപ് ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

അതേസമയം, തെരച്ചിൽ ഇഴയുന്നുവെന്ന് മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി പ്രതികരിച്ചു. തെരച്ചിൽ നിർത്തിവെച്ചിട്ട് അഞ്ച് മണിക്കൂറായി. ക്വാറി അപകടത്തിൽ ബിഹാർ സ്വദേശിക്കായുള്ള തെരച്ചിൽ നിർത്തിവെച്ചിട്ട് അഞ്ച് മണിക്കൂർ പിന്നിട്ടു. ഇതര സംസ്ഥാന തൊഴിലാളികളും മനുഷ്യരാണ്.

ഒരു മലയാളിയെങ്കിൽ ഇങ്ങനെ പെരുമാറുമോയെന്നും ഉദ്യോഗസ്ഥർ വെറുതെ ഇരിക്കുകയാണെന്നും മുൻ എംഎൽഎ കുറ്റപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം പരാജയമാണ്. 24 മണിക്കൂറായി ഒരാൾ കുടുങ്ങിക്കിടന്നിട്ടും രക്ഷപ്പെടുത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



Payyanamann rockfall accident: Ajay Rai's body found, rescue mission continues after ropes are lowered

Next TV

Top Stories










//Truevisionall