കോട്ടയം: ( www.truevisionnews.com) കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിലെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടർക്ക് സർക്കാർ നിർദേശം. ഏഴ് ദിവസമാണ് അന്വേഷണം നടത്താൻ നൽകിയിരിക്കുന്ന സമയം. അന്വേഷണത്തിന്‍റെ ഭാഗമായി ജില്ലാ കളക്ടർ ഫയർഫോഴ്സ്, പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകളോട് റിപ്പോർട്ട് തേടി.
രക്ഷാപ്രവർത്തനം, കെട്ടിടത്തിന്‍റെ അവസ്ഥ തുടങ്ങിയ കാര്യങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടു. ആശുപത്രിയിലെ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആർഎംഒ, വാർഡുകളുടെ ചുമതലയുളള ജീവനക്കാർ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തും. അതേസമയം, മരിച്ച ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് എത്തിയേക്കും.
.gif)

കഴിഞ്ഞ ദിവസം കുടുംബവുമായി ഫോണിൽ സംസാരിച്ച മന്ത്രി, ബിന്ദുവിന്റെ മകൾ നവമിയുടെ തുടർചികിത്സ ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. നവമിയെ നാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും. എന്നാൽ അപകടം നടന്ന് മൂന്ന് ദിവസമായിട്ടും ആരോഗ്യമന്ത്രി കുടുംബത്തെ കാണാത്തത് ചർച്ചയാകുന്നുണ്ട്.
ഇന്നലെ വീട്ടിലെത്തിയ എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ കുടുംബത്തിന് സർക്കാർ സഹായം ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ബിന്ദുവിന്റെ മകൻ നവനീതിന് സ്ഥിരം ജോലി വേണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന നിലപാട് സിപിഎം നേതാക്കൾ കുടുംബത്തെ അറിയിച്ചു.
Kottayam Medical College accident Government asks Collector to expedite investigation amid protests
