ഝാന്‍സി: ( www.truevisionnews.com ) ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ 54-കാരിയായ സുശീല ദേവി എന്ന സ്ത്രീയുടെ കൊലപാതകത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കെട്ടഴിഞ്ഞത് അവിഹിത ബന്ധങ്ങളും മോഷണവും കൊലപതകശ്രമവുമടക്കമുള്ള വലിയ ഗൂഢാലോചന.
സുശീല ദേവിയുടെ മരുമകളും കേസിലെ പ്രതിയുമായ പൂജ യാദവിന്റെ കുറ്റകൃത്യങ്ങള്‍ ആരംഭിക്കുന്നത് 11 വര്‍ഷം മുന്‍പാണെന്ന് പോലീസ് പറയുന്നു. മധ്യപ്രദേശില്‍വച്ചാണ് പൂജ ആദ്യഭര്‍ത്താവിനെ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നെങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു.
.gif)

ഭര്‍ത്താവിനെ കൊല്ലാന്‍ പൂജ വാടകകൊലയാളിയുടെ സഹായം തേടി. വെടിവെച്ച് കൊല്ലാനായിരുന്നു പദ്ധതി. കൊല്ലാനുള്ള ശ്രമം നടന്നെങ്കിലും അയാള്‍ രക്ഷപ്പെട്ടു. പൂജയ്‌ക്കെതിരേ പരാതിയും നല്‍കി. ഈ കേസില്‍ കുറച്ച് കാലം ജയിലില്‍ കിടന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഒട്ടേറെ കേസുകളില്‍ പ്രതിയായ കല്യാണുമായി പരിചയപ്പെടുന്നത്. കല്യാണ്‍ വിവാഹിതനായിരുന്നുവെങ്കിലും ഇവര്‍ തമ്മില്‍ പ്രണയത്തിലായി. ഒടുവില്‍ ഝാൻസിയില്‍ കുറേക്കാലം ഒരുമിച്ച് താമസിച്ചു. അങ്ങനെയിരിക്കെയാണ് കല്യാണ്‍ വാഹനാപകടത്തില്‍ മരിക്കുന്നത്.
കല്യാണ്‍ മരിച്ചതിനെത്തുടര്‍ന്നു പൂജയെ ഭര്‍തൃപിതാവായ അജയ് സിങും മറ്റൊരു ഭര്‍തൃസഹോദരനായ സന്തോഷും ചേര്‍ന്ന് കുമ്ഹരിയയിലുള്ള അവരുടെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുവന്നു. വിവാഹിതനായിരുന്ന സന്തോഷുമായി പൂജ പിന്നീട് ബന്ധം ആരംഭിച്ചു. ഇതില്‍ ഇവര്‍ക്ക് ഒരു കുട്ടിയും ജനിച്ചു. ഇതേത്തുടര്‍ന്ന് സന്തോഷിന്റെ ഭാര്യ രാഗിണി വഴിക്കിട്ട് സ്വന്തം വീട്ടിലേക്ക് പോയി.
തുടര്‍ന്ന് സ്വത്ത് തര്‍ക്കങ്ങളും ആരംഭിച്ചു. കല്യാണിന്റെ സ്വത്തിന്റെ ഒരു പങ്ക് വില്‍ക്കാന്‍ പൂജ ശാഠ്യം പിടിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വഷളാകുന്നത്. സന്തോഷും അച്ഛന്‍ അജയ് സിങ്ങും വില്‍പ്പനയ്ക്ക് സമ്മതിച്ചു, പക്ഷേ, പൂജയുടെ അമ്മായിയമ്മയായ സുശീല ദേവി അതിനെ ശക്തമായി എതിര്‍ത്തു.
സുശീലയുടെ എതിര്‍പ്പില്‍ അസ്വസ്ഥയായ പൂജ, സഹോദരി കാമിനിയുമായും കാമിനിയുടെ കാമുകന്‍ അങ്കിതുമായും ചേര്‍ന്ന് സുശീലയെ ഒഴിവാക്കാന്‍ പദ്ധതി തയ്യാറാക്കി. തന്നെ സഹായിച്ചാല്‍ ഭൂമി വിറ്റ് ലഭിക്കുന്നതിന്റെ പകുതിപ്പണം തരാമെന്നും അവര്‍ക്ക് വാഗ്ദാനം നല്‍കി. പദ്ധതി നടപ്പാക്കാനായി സന്തോഷിനെയും അജയ് സിങിനെയും വീട്ടില്‍നിന്ന് മാറ്റി നിര്‍ത്താന്‍ ഗ്വാളിയാറില്‍ മകളുടെ പിറന്നാൾ സംഘടിപ്പിക്കുകയും അവിടേക്ക് ക്ഷണിക്കുകയും ചെയ്തു.
ഈ സമയം ജൂണ്‍ 24-ന് രാത്രിയില്‍, കാമിനിയും അനില്‍ വര്‍മയും 125 കിലോമീറ്റര്‍ യാത്ര ചെയ്ത് ഝാന്‍സിയിലെത്തി. വീട്ടില്‍ സുശീല ഒറ്റയ്ക്ക് ആകുന്നത് വരെ കാത്തിരുന്നു. സമയം ഒത്തുവന്നപ്പോള്‍ സുശീല ദേവിക്ക് വിഷം കുത്തിവെച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് ഇരുവരും എട്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിക്കുകയും രക്ഷപ്പെടുകയും ചെയ്തു.
സുശീല ദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ബന്ധുക്കള്‍ പോലീസിനെ വിവരം അറിയിച്ചു. മോഷണം കൊലപാതകത്തില്‍ കലാശിച്ചുവെന്നാതായിരുന്നു ആദ്യനിഗമനം. ഫോറന്‍സിക് തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു.
മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം പൂജ വീട്ടില്‍ തിരിച്ചെത്താതിരുന്നപ്പോഴാണ് സംശയങ്ങളുയര്‍ന്നത്. അവരുടെ അസാന്നിധ്യം, മൊഴികളിലെ വൈരുദ്ധ്യങ്ങള്‍, മൊബൈല്‍ ടവര്‍ ഡാറ്റ എന്നിവ ചേര്‍ന്നപ്പോള്‍ പൂജയെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. നിരന്തരമായ ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
ഭര്‍തൃപിതാവ് അജയ് സിങ്ങുമായും പൂജയ്ക്ക് അവിശുദ്ധ ബന്ധമുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അത് കുടുംബത്തിന്റെ തകര്‍ച്ച കൂടുതല്‍ വഷളാക്കിയെന്നും പറയപ്പെടുന്നു. അജയ് സിങ്ങുമായുള്ള ബന്ധത്തെ തുടര്‍ന്ന് പൂജയെ സന്തോഷ് അവഗണിക്കാന്‍ തുടങ്ങി.
ഒരു ഭാഗത്ത് സുശീലയുമായുള്ള ശത്രുതയും മറ്റൊരു ഭാഗത്ത് സന്തോഷ് അവഗണിക്കുകയും ചെയ്തതോടെയാണ് സ്വത്ത് സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ പൂജ നടത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. കവര്‍ച്ചാ ശ്രമത്തിനിടെ സുശീല കൊല്ലപ്പെട്ടുവെന്ന് വരുത്തി തീര്‍ക്കാനാണ് പൂജ ശ്രമിച്ചത്.
മോഷ്ടിച്ച ആഭരണങ്ങള്‍ ബന്ധുവിന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അനില്‍ വര്‍മയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. വര്‍മ പോലീസിന് നേരെ വെടിയുതിര്‍ത്തു. ഇതോടെ പോലീസ് തിരിച്ചും വെടി വെച്ചു. ഇയാള്‍ക്ക് പരിക്കേല്‍ക്കുകയും ഝാന്‍സി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണിപ്പോള്‍.
Quotation to kill first husband, after having illicit relations, killed second husband's mother heinous crime
