കണ്ണൂർ: ( www.truevisionnews.com ) ആറാം വയസ്സിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനീയറുമായ നിഖിലാണ് വരൻ. ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ അസ്ന കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിൻ്റെ ഇരയാണ്.
2000 സെപ്തംബർ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ എറിഞ്ഞ ബോംബുകളിൽ ഒന്ന് വന്ന് പതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നക്ക് നേരെയായിരുന്നു. അന്നുണ്ടായ അപകടത്തിൽ അസ്നയുടെ മാതാവ് ശാന്തയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു.
.gif)

വിശദ വിവരങ്ങൾ ഇങ്ങനെ
ചെറുവാഞ്ചേരിയിലെ വീട്ടുമുറ്റത്ത് കളിപ്പാട്ടങ്ങൾക്കു നടുവിലേക്ക് വീണൊരു ബോംബാണ് അന്ന് അസ്നയുടെ വലതുകാൽ കൊണ്ടുപോയത്. അമ്മ ശാന്തയ്ക്കും അനുജൻ ആനന്ദിനും അന്ന് ഗുരുതരമായി പരിക്കേറ്റു. വീഴാനൊരുക്കമായിരുന്നില്ല ആ കുടുംബം. അസ്നയുടെ ഓരോ ചുവടിലും ഒരു നാടൊന്നാകെ കരുത്തു പകർന്നു. രാഷ്ട്രീയ വൈരത്തെ സ്നേഹം കൊണ്ടവർ തോൽപ്പിച്ചുകൊണ്ടേയിരുന്നു. പഠിച്ച് മിടുക്കിയായി എല്ലാ മുറിവുമുണക്കുന്ന ഡോക്ടറായി മാറി അസ്ന.
അന്ന് ആ രാഷ്ട്രീയ സംഘർഷത്തിന് തുടക്കമിട്ട പൂവത്തൂർ എൽ പി സ്കൂളിനു മുന്നിൽ ഇന്ന് വലിയൊരു പന്തലൊരുങ്ങിയിരിക്കുകയാണ്. ആയിരങ്ങൾക്കു മുന്നിൽ വിവാഹിതയാവുകയാണ് അസ്ന. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനിയറുമായ നിഖിലാണ് വരൻ. വിവാഹദിനം അച്ഛൻ നാണുവില്ലെന്ന ദുഃഖം മാത്രമാണ് അസ്നക്ക് ബാക്കിയുള്ളത്.
ഇരുപത്തിനാല് വർഷങ്ങൾക്കിപ്പുറം ചെറുവാഞ്ചേരിയും കണ്ണൂരുമെല്ലാം ഒരുപാട് മാറി, രാഷ്ടീയ കൊലയും ബോംബേറുമെല്ലാം 'കഴിഞ്ഞ കാലം' എന്ന വിശേഷണത്തിലേക്ക് മാറുകയാണ്. മാറ്റത്തിനൊരു പ്രതീകവും പ്രതീക്ഷയുമാകാൻ സാധിച്ചതിന്റെ അഭിമാനമുണ്ട് അസ്നയുടെ കണ്ണുകളിൽ. പ്രതീക്ഷയുടെ തിളക്കവും.
A glimmer of hope for Doctor Asna a victim of violent politics in Kannur whose right leg was amputated in a bomb attack
