തൃശൂര്‍: ( www.truevisionnews.com ) രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരന്‍ പിടിയില്‍. ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സി പി ഒ സജീഷാണ് വിജിലന്‍സിന്‍റെ പിടിയിലായത്. വാഹനാപകട കേസിന്‍റെ ഫയല്‍ പകര്‍പ്പ് എടുത്തു കൊടുക്കാനായി വക്കീല്‍ ഗുമസ്തന്‍റെ കൈയില്‍നിന്നാണ് പണം കൈപ്പറ്റിയത്.
തമിഴ്‌നാട് സ്വദേശിയെ ബൈക്ക് ഇടിച്ച കേസില്‍ ഇന്‍ഷൂറന്‍സ് തുക കിട്ടാന്‍ ഫയല്‍ ആവശ്യം വന്നതോടെ ഇയാള്‍ പണം ആവശ്യപ്പെടുകയായിരുന്നു. തിരിച്ചറിയാതിരിക്കാന്‍ തൃശൂര്‍ വിജിലന്‍സ് ഓഫീസിലെ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി എറണാകുളത്തെ വിജിലന്‍സ് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെ ഒല്ലൂര്‍ സ്റ്റേഷനിലെത്തിച്ചാണ് ഇയാളെ പിടികൂടിയത്.
.gif)

സംഭവത്തെക്കുറിച്ച് വിജിലൻസ് പറയുന്നതിങ്ങനെ
തൃശൂർ തയ്യൂർ സ്വദേശിയും വക്കീൽ ഗുമസ്തനുമായ പരാതിക്കാരനിൽ നിന്നും ആക്സിഡന്റ് കേസിലെ രേഖകളുടെ പകർപ്പ് നൽകുന്നതിന് 2,000/- രൂപ കൈക്കൂലി വാങ്ങിയ ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സജീഷ് എ യെ വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു.
തൃശൂർ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ 13.03.2025 തിയതി രജിസ്റ്റർ ചെയ്ത ഒരു ആക്സിഡന്റ് കേസിലെ സി ഡി ഫയൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സജീഷ് എ ആയിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഈ കേസിൽ ആക്സിഡന്റിൽ പരിക്ക് പറ്റിയ തമിഴ്നാട് സ്വദേശി, കേസിന്റെ കാര്യങ്ങൾ നോക്കുന്നതിനായി പരാതിക്കാരൻ ഗുമസ്തനായി ജോലി നോക്കുന്ന ഓഫീസിലെ വക്കീലിനെയാണ് ഏൽപ്പിച്ചിരുന്നത്.
പരിക്ക് പറ്റിയ തമിഴ്നാട് സ്വദേശിക്ക് ഭാഷ വശമില്ലാത്തതിനാൽ വക്കീലിന്റെ നിർദ്ദേശപ്രകാരം ഗുമസ്ഥനായ പരാതിക്കാരൻ കേസിന്റെ ആവശ്യങ്ങൾക്കായി പൊലീസ് സ്റ്റേഷനിൽ പോകുകയും സീനിയർ സിവിൽ പൊലീസ് ഓഫീസറായ സജീഷിനെ കാണുകയും ചെയ്തിരുന്നു.
തുടർന്ന് 20.05.2025 തിയതി സജീഷിനെ പരാതിക്കാരൻ ഫോണിൽ വിളിച്ച് കേസിനെ കുറിച്ച് അന്വേഷിച്ചപ്പോൾ, കോടതിയിൽ സമർപ്പിക്കേണ്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും, ആയതിന്റെ പകർപ്പിന് 2,000/- രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് പല പ്രാവശ്യം ഫോണിൽ തിരികെ വിളിച്ചും സജീഷ് കൈക്കൂലി തുകയായ 2,000/- രൂപ ആവശ്യപ്പെടുകയുണ്ടായി.
പരാതിക്കാരൻ ഇന്നലെ (01.07.2025) രേഖകളുടെ പകർപ്പിന് വേണ്ടി സജീഷിനെ ഫോണിൽ വിളിച്ചപ്പോൾ നാളെ ഉച്ച കഴിഞ്ഞ് ഒല്ലൂർ പോലീസ് സ്റ്റേഷന് പുറത്ത് എത്തിയ ശേഷം വിളിക്കണമെന്നും, കൈക്കൂലിയായ 2,000/- രൂപ നൽകണമെന്നും അപ്പോൾ രേഖകൾ കൈമാറാമെന്നും പറഞ്ഞു. കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം തൃശ്ശൂർ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് (02.07.2025) വൈകുന്നേരം 03.20 മണിക്ക് ഒല്ലൂർ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിനുള്ളിൽ വച്ച് പരാതിക്കാരനിൽ നിന്നും 2,000/-രൂപ കൈക്കൂലി വാങ്ങവേ സജീഷിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Policeman arrested while accepting bribe
