മഞ്ചേരി: (truevisionnews.com) കോട്ടയ്ക്കലിൽ മഞ്ഞപ്പിത്തം ബാധിച്ച കുട്ടി മരിക്കാനിടയായത് ചികിത്സ വൈകിയതോടെ തലച്ചോറിലുണ്ടായ രക്തസ്രാവംമൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുറുവ പാങ്ങ് ചേണ്ടി കോട്ടക്കാരൻ ഹൗസിൽ നവാസ് -ഹിറ ഹറീറ ദമ്പതിമാരുടെ മകൻ 14 മാസം പ്രായമുള്ള ഇസെൻ ഇർഹാനാണ് വെള്ളിയാഴ്ച വൈകീട്ട് മരിച്ചത്.
അതിഗുരുതരമായ ഹെപ്പറ്റൈറ്റിസ് എ വൈറസാണ് കുട്ടിയെ ബാധിച്ചത്. ഉടൻ വിദഗ്ധ ചികിത്സ നൽകുന്നതിനുപകരം കുഞ്ഞിന് അക്യുപങ്ചർ ചികിത്സ നൽകിയതായും ഇതുമൂലം രോഗം മൂർച്ഛിച്ച് കുട്ടിയുടെ തലച്ചോറിൽ രക്തസ്രാവം ഉണ്ടായെന്നുമാണ് ഇപ്പോഴത്തെ നിഗമനം.
.gif)

കുഞ്ഞിന്റെ ശരീരത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയതിന്റെ പാടുകൾ ശരീരപരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ അസ്വാഭാവികമരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ മഞ്ചേരി മെഡിക്കൽകോളേജ് ഫൊറൻസിക് വിഭാഗം തലവൻ ഡോ. ഹിതേഷ് ശങ്കറുമായി കേസ് അന്വേഷിക്കുന്ന കാടാമ്പുഴ പോലീസ്റ്റേഷൻ ഹൗസ് ഓഫീസർ ഖമറുദ്ദീൻ വള്ളിക്കാടൻ കൂടിക്കാഴ്ച നടത്തി. കുട്ടിക്ക് അക്യുപങ്ചർ ചികിത്സ നൽകിയ ഡോക്ടറുടെ മൊഴിയെടുത്ത് അന്വേഷണം തുടരാനാണ് തീരുമാനം.
അതേസമയം കുട്ടിയുടെ ആന്തരികാവയവ പരിശോധനയിൽ മരണത്തിന് കാരണമാകുന്ന യാതൊന്നും കണ്ടെത്താനായില്ല. മൃതദേഹം പഞ്ചായത്ത് അധികൃതരെ അറിയിച്ച് ശനിയാഴ്ച കബറടക്കിയിരുന്നു. മാതാപിതാക്കൾ ചികിത്സ നിഷേധിച്ചതിനാലാണ് കുഞ്ഞ് മരിച്ചതെന്ന ആരോപണമുയർന്നതിനെത്തുടർന്ന് മൃതദേഹം പുറത്തെടുത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു.
വീട്ടുപ്രസവത്തെ പ്രോത്സാഹിപ്പിക്കാൻ വീഡിയോകളടക്കം ചെയ്തിരുന്ന ഹിറ ഹറീറ രണ്ടു കുഞ്ഞുങ്ങളേയും വീട്ടിൽത്തന്നെയാണ് പ്രസവിച്ചത്. കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടില്ല. അക്യുപങ്ചർ ചികിത്സ നടത്തുകയും ആധുനിക വൈദ്യത്തിനെതിരേ പ്രചാരണം നടത്തുകയും ചെയ്യുന്ന വീഡിയോകളും ഇവർ പ്രചരിപ്പിച്ചിരുന്നു.
postmortem report says oneyearold boys death due inadequate treatment jaundice
