Jun 4, 2025 11:11 AM

നിലമ്പൂർ: ( www.truevisionnews.com ) വഞ്ചകനെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. കുറെ ദിവസങ്ങളായി ഇടതുപക്ഷം വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച അൻവർ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും കേരളാ മുഖ്യമന്ത്രിയാണെന്നും കുറ്റപ്പെടുത്തി.

വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായിയുടെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനമെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തെയും അൻവർ വിമർശിച്ചു. മലപ്പുറം ജില്ലയിൽ കുഴൽപ്പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോ​ഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ നിലപാട് അൻവർ‌ എടുത്ത് പറഞ്ഞു.

ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലെ ഈ പ്രസ്താവന എല്ലാവരെയും അറിയിച്ചത് താനാണെന്നും അൻവർ ഓർമ്മിപ്പിച്ചു. ബിജെപിയുമായി ഉണ്ടാക്കിയ കരാറിൻ്റെ ഭാ​ഗമായിരുന്നു ഹിന്ദുപത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖമെന്നും അൻവർ അരോപിച്ചു.

ന്യൂനപക്ഷങ്ങളുടെ സംരക്ഷണം പറഞ്ഞ് രണ്ടാം തവണ ഭരണം പിടിച്ചവർ‌ എൻആർസി, സിഎഎ വിഷയത്തിൽ കേരളത്തെ വഞ്ചിച്ചുവെന്നും അൻവർ കുറ്റപ്പെടുത്തി. കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ പിൻവലിച്ചിട്ടില്ലെന്നും അൻവർ ചൂണ്ടിക്കാണിച്ചു. മുനമ്പം വിഷയത്തിൽ അവിടെയുള്ള മനുഷ്യരെ വഞ്ചിച്ചുവെന്നും അൻവർ കൂട്ടിച്ചേർത്തു.

ശബരിമല വിഷയവും അൻവർ വീണ്ടും ഉയർത്തി. ഹൈന്ദവ സമുദായത്തെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച പി വി അൻവർ മത വിഷയങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇടപെടുന്നത് എന്തിനാണെന്നും ചോദിച്ചു.

അതിൻ്റെ ഏറ്റവും വലിയ പ്രചാരകനാണ് ഇപ്പോഴത്തെ സ്ഥാനാർത്ഥിയെന്നും അൻവർ പറഞ്ഞു. 25ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേരളത്തിൽ നിയമന നിരോധനമാണെന്ന് ആരോപിച്ച അൻവർ മുഖ്യമന്ത്രി കേരളത്തിലെ യുവാക്കളെ വഞ്ചിച്ചെന്നും കുറ്റപ്പെടുത്തി.



pv anvar against pinarayi vijayan says cheated vs achuthanandan

Next TV

Top Stories