കൊച്ചി:(truevisionnews.com) ആലുവയില്‍ നാല് വയസുകാരിയെ പുഴയിലെറിഞ്ഞുകൊന്ന അമ്മയെ പോക്സോ കേസിൽ പ്രതിയായ പിതൃ സഹോദരനൊപ്പം ഇരുത്തി ഇന്ന് ചോദ്യം ചെയ്യും. കൊലപ്പെടുത്തും മുമ്പ് കഴിഞ്ഞ ഒരു വർഷമായി പിതാവിന്‍റെ സഹോദരൻ, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നാണ് കണ്ടെത്തൽ. ഇക്കാര്യം കുട്ടിയുടെ അമ്മ അറിഞ്ഞിരുന്നോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. തനിക്ക് അറിയില്ലെന്ന് അമ്മയും കുട്ടിയുടെ അമ്മ അറിഞ്ഞിട്ടില്ലെന്ന് പ്രതിയായ പിതൃ സഹോദരനും മൊഴി നൽകിയിട്ടുണ്ട്.
പോക്സോ കേസിൽ പ്രതിയായ പിതൃ സഹോദരൻ നിലവിൽ റിമാൻഡിലാണ്. ഇയാളെ ഇന്ന് ഉച്ചയോടെ കസ്റ്റഡിയിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കേരള മനസാക്ഷിയെ ഞെട്ടിച്ച എറണാകുളം നാല് വയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണം തുടരുന്നു. ഭർതൃവീട്ടിലെ ഒറ്റപ്പെടലിനെത്തുടർന്നാണ് മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് മൊഴി. ഭർത്താവിന്‍റെ വീട്ടിൽ വെച്ച് കുട്ടി ലൈംഗിക പീഡനത്തിനിരയയായ വിവരം താൻ അറിഞ്ഞിരുന്നില്ലെന്നും യുവതി പൊലീസിന് മൊഴി നൽകി.
.gif)
ഇന്നലെ എറണാകുളം ചെങ്ങമനാട് പൊലീസ് യുവതിയുമായി തെളിവെടുപ്പ് നടത്തി. ആദ്യം മൂഴിക്കുളം ജംങ്ഷനിൽ എത്തിച്ചു. കുഞ്ഞിനെ ഒക്കത്തെടുത്ത് നൂറ് മീറ്റർ അകലെയുള്ള പാലത്തിലേക്ക് നടന്നുപോയത് വാഹനത്തിലിരുന്ന് കാണിച്ചു കൊടുത്തു. തുടർന്ന് പ്രതിയായ അമ്മയെ പാലത്തിലേക്ക് കൊണ്ടുവന്നു. പാലത്തിന്‍റെ നടുവിൽവെച്ച് ചാലക്കുടിപ്പുഴയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞത് യുവതി പൊലീസിനോട് വിശദീകരിച്ചു. ഭർത്താവിന്‍റെ വീട്ടിലെ ഒറ്റപ്പെടുത്തലാണ് കുഞ്ഞിനെ കൊല്ലാൻ കാരണമെന്നാണ് അമ്മയുടെ മൊഴി.
ഭർത്താവ് വേറെ കല്യാണം കഴിക്കാൻ ആലോചിച്ചിരുന്നു. രണ്ടാനമ്മയുടെ കൂടെ തന്‍റെ മകൾ വളരുന്നത് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴി. എന്നാൽ, ഭർത്താവിന്‍റെ സഹോദരൻ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് താൻ അറിഞ്ഞിട്ടില്ലെന്നും അവർ മൊഴി നൽകി.
കുട്ടി മിക്കപ്പോഴും ഭർത്താവിന്‍റെ വീട്ടിലായിരുന്നു. ഇടയ്ക്ക് മാത്രമാണ് തന്‍റെയടുത്തേക്ക് വന്നിരുന്നതെന്നും കുട്ടിയുടെ അമ്മ പറയുന്നു. യുവതിയുടെ മൊഴി പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ലെന്നും പോക്സോ കേസിൽ പ്രതിയായ ഭർത്താവിന്‍റെ സഹോദരനെക്കൂടി ഒപ്പമിരുത്തി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
4 year old girl murder case Aluva-question mother and uncle
