കൊച്ചി: ( www.truevisionnews.com) നാല് വയസുകാരിയുടെ കൊലപാതകത്തിൽ അമ്മയായ സന്ധ്യ കുഞ്ഞിനെ കൊല്ലാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് എറണാകുളം റൂറൽ പൊലീസ് മേധാവി എം ഹേമലത ഐപിഎസ്. സന്ധ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും എന്നാൽ പൂർണമായും വിശ്വാസത്തിലെടുക്കാൻ സാധിക്കുന്ന മൊഴികൾ ലഭിച്ചിട്ടില്ല എന്നും ഹേമലത പറഞ്ഞു.

കുട്ടിയുമായി സന്ധ്യ പാലത്തിലേക്ക് വന്നതും കുട്ടിയില്ലാതെ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റകൃത്യത്തിൽ സന്ധ്യയെ ആരും സഹായിച്ചിട്ടില്ല. മെഡിക്കൽ പരിശോധന നടത്തി ആവശ്യമെങ്കിൽ മാനസിക വിദഗ്ധരെ കൂടി അന്വേഷണത്തിൽ ഉൾപ്പെടുത്തും. സന്ധ്യയുടെ ബന്ധുക്കളുടെയെല്ലാം മൊഴിയെടുക്കുമെന്നും നിലവിൽ അവർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും ഹേമലത വ്യക്തമാക്കി.
അല്പസമയം മുൻപാണ് കല്യാണിയുടെ കൊലപാതകത്തിൽ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കല്യാണിയെ അമ്മ സന്ധ്യ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ആലുവയിൽ നിന്ന് കുട്ടിയെ കാണാതായി എന്നായിരുന്നു അമ്മ ആദ്യം പൊലീസിന് നൽകിയ മൊഴി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ കുട്ടിയുമായി സന്ധ്യ ആലുവയിൽ ബസ് ഇറങ്ങിയെന്ന് വ്യക്തമാകുകയായിരുന്നു.
kalyani murder aluva ernakulam
