കൊച്ചി: ( www.truevisionnews.com ) തലയിൽ കൃത്രിമമായി മുടിവെച്ചു പിടിപ്പിക്കുന്ന ചികിത്സയ്ക്ക് വിധേയനായ യുവാവ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിൽ ചികിത്സയിൽ. എളമക്കര കീർത്തിനഗറിൽ താമസിക്കുന്ന ചെറായി ചെറുപറമ്പിൽ സനിൽ (49) ആണ് അണുബാധയെ തുടർന്ന് ദുരിതത്തിലായത്. ഇതിനകം ഒട്ടേറെ ശസ്ത്രക്രിയകൾക്ക് വിധേയനായ സനിൽ പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.

പനമ്പിള്ളിനഗറിൽ പ്രവർത്തിക്കുന്ന ഒരു ക്ലിനിക്കിൽ ഫെബ്രുവരി 26, 27 തീയതികളിലാണ് മുടി വെച്ചുപിടിപ്പിക്കൽ നടത്തിയത്. മാർച്ച് ആദ്യം വേദനയും ചൊറിച്ചിലും തുടങ്ങി. വൈകാതെ അസഹനീയ തലവേദനയായി. തുടർന്ന് സ്ഥാപന അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും വേദന സംഹാരി ഗുളികകൾ കഴിക്കാനായിരുന്നു നിർദേശം.
സ്ഥിതി ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ മുടിവെച്ചുപിടിപ്പിച്ച ഭാഗത്ത് ഗുരുതരമായ അണുബാധ കണ്ടെത്തി. അപ്പോഴേക്കും തലയിലെ തൊലി ഏറെയും നഷ്ടമായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കുകയായിരുന്നു. ഇപ്പോൾ തലയിലെ പഴുപ്പ് വലിച്ചെടുക്കുന്നതിന് പ്രത്യേക ഉപകരണം ഘടിപ്പിച്ചിരിക്കുകയാണ്. ഇനിയും ശസ്ത്രക്രിയകൾ വേണ്ടിവരും.
അര ലക്ഷത്തോളം രൂപയാണ് മുടി വെച്ചുപിടിപ്പിക്കുന്നതിനായി സ്ഥാപനം ഈടാക്കിയത്. തുടർന്നുണ്ടായ അസ്വസ്ഥതകൾക്കുള്ള ചികിത്സയ്ക്ക് ഇതുവരെ 10 ലക്ഷം രൂപയോളം ചെലവിട്ടു കഴിഞ്ഞു. സ്ഥാപനത്തിനെതിരേ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സനിലിന്റെ കുടുംബം വ്യക്തമാക്കി.
flesh eating bacteria scalp after hair transplantation
